ഫീസ് അടച്ചില്ല: 30 ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ ടിസി അധികൃതർ കൊറിയർ ചെയ്തു

By Web TeamFirst Published Apr 22, 2019, 5:37 PM IST
Highlights

ഫീസ് കുത്തനെ ഉയർത്തുന്ന സ്കൂൾ അധികൃതരുടെ നടപടിക്കെതിരെ രക്ഷിതാക്കൾ കഴിഞ്ഞ ഒരു വർഷമായി പരാതിപ്പെടുന്നുണ്ടായിരുന്നു. പൊടുന്നനെയാണ് എല്ലാവർക്കും മക്കളുടെ ടിസി കൊറിയറായി വീട്ടിൽ കിട്ടിയത്

മുംബൈ: ഫീസ് അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി 30 ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ ടിസി സ്കൂൾ അധികൃതർ സ്വകാര്യ കൊറിയർ ഏജൻസി വഴി വീടുകളിലേക്ക് അയച്ചുകൊടുത്തു. മുംബൈയിലെ ദഹിസറിലുള്ള രസ്തോംജി ട്രൂപ്പേർസ് സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ദുരനുഭവം. ഫീസ് കുത്തനെ ഉയർത്തുന്ന സ്കൂൾ അധികൃതരുടെ നടപടിക്കെതിരെ രക്ഷിതാക്കൾ കഴിഞ്ഞ ഒരു വർഷമായി പരാതിപ്പെടുന്നുണ്ടായിരുന്നു. പൊടുന്നനെയാണ് എല്ലാവർക്കും മക്കളുടെ ടിസി കൊറിയറായി വീട്ടിൽ കിട്ടിയത്.

എല്ലാ വർഷവും 10 ശതമാനം വീതമാണ് സ്കൂൾ അധികൃതർ ഫീസ് ഉയർത്താറുള്ളത്. നഴ്സറി ക്ലാസിൽ നിന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികളുടെ ഫീസിൽ 38 ശതമാനം ആണ് വർദ്ധന. കുട്ടികൾക്ക് അഡ്മിഷന് വേണ്ടി 50000 രൂപ വേറെയും വാങ്ങുന്നുണ്ട്. സ്കൂൾ അധികൃതർക്കെതിരെ ഒരു വർഷമായി രക്ഷിതാക്കൾ വിദ്യാഭ്യാസ മന്ത്രിയെയും വിദ്യാഭ്യാസ വകുപ്പിനെയും സമീപിച്ചിരുന്നു. എന്നാൽ ഒരിക്കൽ പോലും രക്ഷിതാക്കളുടെ വാദം കേൾക്കാൻ വിദ്യാഭ്യാസ വകുപ്പോ മന്ത്രിയോ തയ്യാറായില്ലെന്നാണ് പരാതി

മാർച്ചിലാണ് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് തവാദെയെ രക്ഷിതാക്കൾ അവസാനമായി കണ്ടത്. കുട്ടികളെ പുറത്താക്കരുതെന്ന് മുംബൈ കോർപ്പറേഷൻ വിദ്യാഭ്യാസ വകുപ്പ് സ്കൂളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശം അവഗണിച്ചാണ് 30 വിദ്യാർത്ഥികൾക്കും എതിരെ നടപടിയെടുത്തിരിക്കുന്നത്. 

ഫീസ് നിർദ്ദേശം പിടിഎ അംഗീകരിച്ചതാണെന്നാണ് സ്കൂൾ അധികൃതരുടെ വാദം. ഇതനുസരിച്ച് മാത്രമാണ് പ്രവർത്തിച്ചതെന്നും അധികൃതർ വിശദീകരിക്കുന്നു. ഫീസ് അടക്കാത്ത വിദ്യാർത്ഥികളെ പുറത്താക്കാമെന്ന് മുംബൈ ഹൈക്കോടതിയുടെ വിധിയുണ്ടെന്നാണ് ഇവരുടെ മറ്റൊരു വാദം.

click me!