പൗരത്വഭേദഗതിക്കെതിരായ സ്കൂള്‍ നാടകം; രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ സ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചു

By Web TeamFirst Published Feb 14, 2020, 6:18 PM IST
Highlights

കര്‍ണാടകയിലെ ബീദറിലെ ഷഹീന്‍ സ്കൂളിലെ അധ്യാപികയ്ക്കും ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനുമാണ് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. 14 ദിവസമായി ഇവര്‍ ജയിലിലായിരുന്നു.
 

ബെംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ചതിന്‍റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ രണ്ട് സ്ത്രീകള്‍ക്കും ജാമ്യം ലഭിച്ചു. കര്‍ണാടകയിലെ ബീദറിലെ ഷഹീന്‍ സ്കൂളിലെ അധ്യാപികയ്ക്കും ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനുമാണ് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. 14 ദിവസമായി ഇവര്‍ ജയിലിലായിരുന്നു.

ജനുവരി 21നാണ് നാല്, അഞ്ച്, ആറ് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സ്കൂളില്‍ നാടകം അവതരിപ്പിച്ചത്. നാടകത്തിന്‍റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ നിലേഷ് രക്ഷ്യാല്‍ എന്ന വ്യക്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ്, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിപാടി അവതരിപ്പിച്ചെന്നാരോപിച്ച് സ്കൂളിലെ പ്രധാനാധ്യാപികയായ ഫരീദ ബിഗത്തെയും ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവായ നസ്ബുന്നീസയെയും അറസ്റ്റ് ചെയ്തത്. സംഭവം അന്വേഷിക്കാന്‍ സ്കൂളിലെത്തിയ പൊലീസുകാരോട് നസ്ബുന്നീസയുടെ കുട്ടി പ്രധാനമന്ത്രിയെക്കുറിച്ച് മോശമായി സംസാരിച്ചെന്നായിരുന്നു പൊലീസിന്‍റെ ഭാഷ്യം.

പ്രധാനമന്ത്രിക്കെതിരായ നാടകം കളിക്കാന്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചെന്നാരോപിച്ച് സ്കൂള്‍ പൂട്ടിച്ചിരുന്നു. പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കിയാല്‍  ഒരു വിഭാഗം ജനങ്ങള്‍ രാജ്യം വിട്ടുപോകേണ്ടി വരുമെന്ന സന്ദേശമാണ് നാടകം നല്‍കുനന്തെന്നായിരുന്നു നിലേഷ് രക്ഷ്യാലിന്‍റെ പരാതിയില്‍ പറഞ്ഞത്. 

Read Also: മോദിക്കെതിരെ നാടകം കളിച്ചിട്ടില്ല; വിശദീകരണവുമായി കര്‍ണാടക ബിദറിലെ ഷഹീന്‍ സ്കൂള്‍

click me!