ബിദര്‍(കര്‍ണാടക): രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് പിന്നാലെ വിശദീകരണവുമായി കര്‍ണാടക ബിദറിലെ ഷഹീന്‍ സ്കൂള്‍ അധികൃതര്‍. അങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന രീതിയിലുള്ള ഒരു നാടകം സ്കൂളില്‍ അവതരിപ്പിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ പബ്ലിക് ഇന്‍സ്ട്രക്ഷന് നല്‍കിയ വിശദീകരണത്തില്‍ സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. അത്തരത്തിലുള്ള കലാപരിപാടി പ്രൈമറി സ്കൂളിലോ ഹൈസ്കൂളിലോ നടന്നിട്ടില്ല. പ്രധാനമന്ത്രിയോട് ഞങ്ങള്‍ക്ക് ബഹുമാനമാണെന്നും സ്കൂള്‍ അധികൃതരുടെ മറുപടി വിശദമാക്കുന്നു. വിഷയത്തില്‍ ഷഹീന്‍ സ്കൂള്‍ അധികൃതര്‍ക്ക് രണ്ട് നോട്ടീസാണ് അയച്ചിട്ടുള്ളത്. 

സ്കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണത്തെ ബിദര്‍ ഡിഡിപിഐ ചന്ദ്രശേഖര്‍ തള്ളി. സത്യത്തില്‍ നിന്ന് ഒരുപാട് അകലെയാണ് സ്കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണമെന്നാണ് ഡിഡിപിഐ വ്യക്തമാക്കിയത്. അടിസ്ഥാനമില്ലാതെ വാര്‍ത്തകര്‍ പ്രചരിക്കാറില്ല. സത്യമെന്താണെന്ന് നമ്മുക്ക് അറിയാം. ഒന്നും സംഭവിച്ചിട്ടില്ലെന്ന് പ്രതിറോധിക്കാന്‍ വേണ്ടി സ്കൂള്‍ അധികൃതര്‍ക്ക് പറയാന്‍ കഴിയില്ലെന്നും ഡിഡിപിഐ വിശദമാക്കി. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഉന്നത അധികാരികള്‍ക്ക് നല്‍കും. സ്കൂളിനെതിരെ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് ഉയര്‍ന്ന അധികാരികള്‍ തീരുമാനിക്കുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. 

എന്നാല്‍ തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ഒരു നോട്ടീസ് മാത്രമാണ് ലഭിച്ചതെന്നും വാര്‍ഷികാഘോഷം വളരെ ചെറിയ പരിപാടിയാണെന്നുമാണ് ഷഹീന്‍ ഗ്രൂപ്പ് സിഇഒ തൗഫീക്ക് മടിക്കേരി പറയുന്നത്. 1983ലെ എഡ്യുക്കേഷന്‍ ആക്ട് പ്രകാരം സ്കൂളിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് ഡിഡിപിഐ പറയുന്നത്. പൗരത്വ നിയമ ഭേദഗതിയെയും(സിഎഎ) ദേശീയ പൗരത്വ പട്ടികയെയും(എന്‍ആര്‍സി) എതിര്‍ക്കുന്ന സ്കൂള്‍ നാടകം അവതരിപ്പിച്ചതിനാണ് സ്കൂളിനെതിരെ പൊലീസ് കേസെടുത്തത്. കര്‍ണാടകയിലെ ബിദറിലെ ഷഹീന്‍ എജുക്കേഷന്‍ ട്രസ്റ്റിനെതിരെയാണ് കേസെടുത്തത്. നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസെടുത്തത്. സാമൂഹിക പ്രവര്‍ത്തകനായ നിലേഷ് രക്ഷ്യല്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും സിഎഎ, എന്‍ആര്‍സി നടപ്പാക്കിയാല്‍ ഒരുവിഭാഗം രാജ്യം വിടേണ്ടിവരുമെന്ന തെറ്റായ സന്ദേശം പ്രചരിപ്പിച്ചുവെന്നും നിലേഷ് രക്ഷ്യല്‍ പരാതിയില്‍ പറയുന്നു. സ്കൂള്‍ നാടകത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുഹമ്മദ് യൂസഫ് റഹീം എന്നയാളുടെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ അപ്‍ലോഡ് ചെയ്തത്. മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലാണ് വിഡിയോ പ്രചരിപ്പിച്ചതെന്നും റഹീമിനെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.