സ്കൂളിൽ എന്നും ഒന്നാമത്, സ്വപ്നം യാഥാർത്ഥ്യമാവാൻ ബാക്കിയുണ്ടായിരുന്നത് 9 മണിക്കൂർ നീണ്ട വിമാനയാത്ര; കണ്ണീരായി പായൽ

Published : Jun 12, 2025, 11:01 PM IST
plane crash

Synopsis

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ ലണ്ടനിൽ ഉപരിപഠനത്തിന് പോവുകയായിരുന്ന വിദ്യാർത്ഥിനിയുമുണ്ട്.

അഹമ്മദാബാദ്: അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരിൽ ലണ്ടനിൽ ഉപരി പഠനം സ്വപ്നം കണ്ട് യാത്ര തിരിച്ച പെണ്‍കുട്ടിയുമുണ്ട്. സ്കൂളിൽ ടോപ്പറായിരുന്ന പായൽ ഖാതിക് രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയാണ്. ഒരു നാടിന്‍റെയാകെ പ്രതീക്ഷയാണ് വിമാനാപകടത്തിൽ പൊലിഞ്ഞത്.

ലണ്ടനിൽ പഠിക്കുക എന്ന പായൽ ഖാതിക്കിന്‍റെ വലിയ സ്വപ്നം പൂവണിയാൻ ബാക്കിയുണ്ടായിരുന്നത് വെറും 9 മണിക്കൂർ നീണ്ട വിമാനയാത്രയായിരുന്നു. പക്ഷേ അപ്രതീക്ഷിതമായുണ്ടായ ആകാശ ദുരന്തത്തിൽ ആ ജീവൻ പൊലിഞ്ഞു. ഗുജറാത്തിലെ ഹിമ്മത്നഗറിൽ മാതാപിതാക്കളോടൊപ്പമാണ് പായൽ താമസിച്ചിരുന്നത്. കുട്ടിക്കാലം മുതലേ സ്കൂളിൽ ഒന്നാമതായിരുന്നു പായൽ. പഠിച്ച് വലിയ നിലയിൽ എത്തി കുടുംബത്തിന്‍റെയും രാജ്യത്തിന്‍റെയും അഭിമാനമായി മാറാൻ അവൾ ആഗ്രഹിച്ചു.

1.38ന് അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് 59 സെക്കന്‍റ് കൊണ്ട് നിലംപതിച്ച എയർ ഇന്ത്യ വിമാനത്തിൽ 242 പേരിൽ ഒരാളായി പായലും ഉണ്ടായിരുന്നു. അപകടത്തിൽ 11എ സീറ്റിൽ യാത്ര ചെയ്തിരുന്ന രമേഷ് വിശ്വാസ് കുമാർ എന്ന യുവാവ് മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

വിമാനാപകടത്തില്‍ മരിച്ച 204 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങൾ കൈമാറുന്നതിനായി അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം തുടങ്ങി. ബിജെ മെഡിക്കൽ കോളേജിലെ കസോതി ഭവനിലാണ് രക്ത സാമ്പിൾ ശേഖരണ നടപടി തുടങ്ങിയത്. ​ഗാന്ധിന​ഗർ ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന നടത്തുക. ഡിഎൻഎ ഫലം ലഭിച്ച ശേഷമായിരിക്കും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുക.

ഇന്ന് ഉച്ചയ്ക്ക് 1.38 നാണ് രാജ്യത്തെ വേദനയിലാഴ്ത്തിയ അപകടമുണ്ടായത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം നമ്പര്‍ റണ്‍വേയില്‍ നിന്നാണ് എഐ 171 ബോയിംഗ് 787 ഡ്രീലൈംനര്‍ വിമാനം ലണ്ടനിലേക്ക് പറന്നുയര്‍ന്നത്. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'
ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ