
അഹ്മദാബാദ്: അഹ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടതെന്നാണ് ഇപ്പോഴത്തെയും വിവരം. ഇതുവരെ കണ്ടെത്തിയ 204 മൃതദേഹങ്ങൾ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്താനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇത് പൂർത്തിയായ ശേഷമായിരിക്കും ബന്ധുക്കൾക്ക് മൃതദേഹങ്ങൾ വിട്ടുകൊടുക്കുന്നത്. ഡിഎൻഎ സാമ്പിൾ ശേഖരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അപകടത്തിൽ മരിച്ചവരിൽ ഉൾപ്പെട്ട രാജസ്ഥാനിലെ ബലോത്ര സ്വദേശിയായ ഖുഷ്ബു രാജ്‍പുരോഹിത് എന്ന യുവതി ഭർത്താവിനെ സന്ദർശിക്കാനായാണ് യുകെയിലേക്ക് യാത്ര ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഖുഷ്ബുവിന്റെ വിവാഹം. ലണ്ടനിൽ വിദ്യാർത്ഥിയായ ഭർത്താവ് മൻഫൂൽ സിങ് വിവാഹശേഷം യുകെയിലേക്ക് മടങ്ങി. ഭർത്താവിന്റെ അടുത്തേക്കുള്ള ഖുഷ്ബുവിന്റെ യാത്രയായിരുന്നു ഇന്ന്. അപകടത്തിൽ 11 രാജസ്ഥാൻ സ്വദേശികൾ മരിച്ചുവെന്നാണ് കണക്ക്. ഷെഫ് ജോലിക്കായി യുകെയിലേക്ക് പോവുകയായിരുന്ന രണ്ട് യുവാക്കളും ഒരു വ്യവസായിയുടെ മകനും മകളും ഇവരിൽ ഉൾപ്പെടുന്നു.
അതിനിടെ, അപകട മേഖലയില്‍ നിന്ന് ഒരാളെ ജീവനോടെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. 11A സീറ്റിൽ യാത്ര ചെയ്തിരുന്ന രമേഷ് വിശ്വാസ് കുമാർ എന്ന യുവാവാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 1.38 നാണ് രാജ്യത്തെ വേദനയിലാഴ്ത്തിയ അപകടമുണ്ടായത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.
അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം നമ്പര്‍ റണ്‍വേയില്‍ നിന്നാണ് എഐ 171 ബോയിംഗ് 787 ഡ്രീലൈംനര്‍ വിമാനം ലണ്ടനിലേക്ക് പറന്നുയര്‍ന്നത്. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രേോളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു.