
ദില്ലി: പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിന് മാത്രമായി രാജ്യത്ത് 75 'സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഹബുകൾ' (Science Technology and Innovation Hub) സ്ഥാപിക്കുമെന്ന് കേന്ദ്രം (Central Govt). രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മാത്രമായി ആയി ഗവൺമെന്റ്, 75 'സയൻസ്, ടെക്നോളജി ആൻഡ് ഇന്നവേഷൻ (STI)' ഹബ്ബുകൾ സ്ഥാപിക്കുമെന്നാണ് കേന്ദ്ര ശാസ്ത്ര-സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് (Jitendra Singh) പറഞ്ഞത്. ഈ സമൂഹങ്ങളുടെ ശാസ്‌ത്രസംബന്ധിയായ കഴിവുകൾ വർദ്ധിപ്പിക്കുക മാത്രമല്ല, സാമൂഹിക-സാമ്പത്തിക വികസനത്തിനും ഇത് സംഭാവന ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ശാസ്ത്ര-സാങ്കേതിക വകുപ്പിലെ (ഡിഎസ്ടി) ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം, കഴിഞ്ഞ രണ്ട് വർഷത്തിനിടെ 20 എസ്‌ടിഐ ഹബുകൾ (എസ്‌സിക്ക് 13 ഉം, എസ്ടിക്ക് 7 ഉം) ഇതിനകം ഡിഎസ്ടി സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു. ഇതുവഴി കൃഷി, കാർഷികേതര, അനുബന്ധ ഉപജീവന മേഖലകളിലും, ഊർജ്ജം, ജലം, ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളിലും വിവിധ ഇടപെടലുകളിലൂടെ പട്ടികജാതി-പട്ടികവർഗ്ഗത്തിൽ പെട്ട 20,000-ത്തോളം പേർക്ക് നേരിട്ട് പ്രയോജനം ലഭിക്കും.
ശാസ്ത്രസാങ്കേതിക വകുപ്പ് സ്ഥാപിക്കുന്ന എസ്ടിഐ ഹബുകൾ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്ക് സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുന്നതിലൂടെ അവരെക്കൂടി ഉൾക്കൊള്ളുന്ന സാമൂഹിക-സാമ്പത്തിക വികസനത്തിന് സഹായിക്കും. ഇതിനായി സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യും. എസ്ടിഐ ഹബുകൾക്ക് കീഴിലുള്ള പരിശീലനവും നൈപുണ്യ വികസന പരിപാടികളും പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ ശാസ്ത്രസാങ്കേതിക-നൂതനാശയ ശേഷി വർദ്ധിപ്പിക്കും.
എസ്ടിഐ ഹബ്ബുകൾക്ക് പ്രധാനമായും മൂന്ന് തലത്തിലുള്ള ലക്ഷ്യങ്ങളാണ് ഉള്ളത്. ശാസ്ത്ര-സാങ്കേതിക ഇടപെടലുകളിലൂടെ പ്രധാന ഉപജീവന സംവിധാനങ്ങളെ ശക്തിപ്പെടുത്തൽ, ഉപജീവന സംവിധാനങ്ങളിലെ ശേഷി അടിസ്ഥാനമാക്കി സാമൂഹിക സംരംഭങ്ങൾ സൃഷ്ടിക്കുക, ഉപജീവനമാർഗം ശക്തിപ്പെടുത്തുന്നതിന് തദ്ദേശീയ വിജ്ഞാന സംവിധാനങ്ങൾ മെച്ചപ്പെടുത്തുക എന്നിവയാണ് അവ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam