
മുംബൈ: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി നിരവധി പേരാണ് വിവിധ മേഖലകളിൽ നിന്നും രംഗത്തെത്തുന്നത്. പ്രധാനമന്ത്രിയുടെ സഹായനിധിയിലേയ്ക്ക് കോടിക്കണക്കിന് രൂപ സഹായധനം നൽകാനൊരുങ്ങുകയാണ് കാഴ്ചശക്തിയില്ലാത്ത ശാസ്ത്രഞ്ജൻ.
രാജസ്ഥാനിലെ കോട്ട സ്വദേശിയായ മുര്‍ട്ടാസ എ ഹമീദ്(44) എന്നയാളാണ് രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബങ്ങള്‍ക്കായി 110 കോടി രൂപ സഹായധനം നൽകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഇ-മെയില്‍ സന്ദേശം അയക്കുകയും ചെയ്തിരുന്നു.
മാതൃരാജ്യത്തിനു വേണ്ടി വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള പ്രോത്സാഹനമായിട്ടാണ് താൻ തുക നൽകുന്നതെന്ന് ഹമീദ് പറഞ്ഞു. ഹമീദ് ഇപ്പോൾ മുംബൈയില്‍ ഗവേഷകനായും ശാസ്ത്രജ്ഞനായും പ്രവര്‍ത്തിച്ചു വരികയാണ്.
താന്‍ കണ്ടുപിടിച്ച 'ഫ്യുവല്‍ ബേണ്‍ റേഡിയേഷന്‍ ടെക്‌നോളജി' സംവിധാനം ഉപയോഗിച്ചിരുന്നെങ്കില്‍ പുല്‍വാമയിൽ നടന്നതുപോലുള്ള ഭീകരാക്രമണങ്ങള്‍ പരിശോധിക്കാന്‍ കഴിയുമായിരുന്നുവെന്ന് ഹമീദ് ആവകാശപ്പെട്ടു. ജിപിഎസ് സംവിധാനം ഇല്ലാതെ വാഹനങ്ങളും മറ്റ് വസ്തുക്കളും കണ്ടുപിടിക്കാനുതകുന്ന സാങ്കേതിക വിദ്യയാണിതെന്നും അദ്ദേഹം പറഞ്ഞു. സഹായധനം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഹമീദ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ചയും നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam