
ബെംഗളൂരു: കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിതര പാർട്ടികളുമായി നീക്കുപോക്ക് ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തി എസ്‍ഡിപിഐ. ബിജെപിക്ക് അനുകൂലമായി വോട്ട് വിഭജനം നടക്കാതിരിക്കാൻ മത്സരിക്കരുതെന്ന് ബിജെപി ഇതരപാർട്ടികൾ ആവശ്യപ്പെട്ടതായി കർണാടക എസ്‍ഡിപിഐ പ്രസിഡന്‍റ് മജീദ് കൊഡ്‍ലിപേട്ടെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയായ ഷാഫി ബെല്ലാരെയെ മത്സരിപ്പിക്കുന്നത് രാഷ്ട്രീയ പകപോക്കലിനെതിരായ പോരാട്ടമാണെന്നും മജീദ് പറഞ്ഞു.
ബിജെപിക്ക് അനുകൂലമായി വോട്ട് വിഭജനം നടക്കാതിരിക്കാൻ മത്സരിക്കരുതെന്ന് ബിജെപിയിതര പാർട്ടികൾ തങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ കോൺഗ്രസ് എസ്‍ഡിപിഐ വോട്ട് മൊത്തമായി കൊണ്ടുപോയി ചില്ലറയായി ബിജെപിക്ക് വിറ്റു. ഇത്തവണ ഒരു പാർട്ടിയുമായും നീക്കുപോക്കിനില്ല. പോപ്പുലർ ഫ്രണ്ട് നിരോധനം പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിക്കില്ലെന്നും മജീദ് പറഞ്ഞു. മതധ്രുവീകരണം ശക്തമായ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എസ്‍ഡിപിഐ അടക്കമുള്ള പാർട്ടികളോട് അകലം പാലിക്കുമ്പോഴാണ് കർണാടക എസ്‍ഡിപിഐ പ്രസിഡന്‍റിന്‍റെ പുതിയ വെളിപ്പെടുത്തൽ.
ബിജെപി വിരുദ്ധ പക്ഷം പിടിക്കുന്ന പാർട്ടികളെ ഒന്നിച്ച് നിർത്തണമെന്ന് ഇത്തവണയും ആവശ്യമുയർന്നിട്ടും കോൺഗ്രസ് കേട്ടില്ലെന്ന് എസ്‍ഡിപിഐ ആരോപിക്കുന്നു. ഇത്തവണ 100 സീറ്റുകളിലാണ് എസ്‍ഡിപിഐ മത്സരിക്കുക. യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരുവിനെ വധിച്ച കേസിലെ പ്രതിയായ എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാഫി ബെല്ലാരെയെ പുത്തൂരിൽ നിന്ന് മത്സരിപ്പിക്കുന്നത് പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചാണെന്നും മജീദ് വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് നിരോധനം പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് എസ്‍ഡിപിഐ പറയുന്നത്.
Read More : മധ്യകേരളത്തിലെ ക്രൈസ്തവ നേതാക്കളെ ചേർത്ത് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ബിജെപി; അണിയറനീക്കം സജീവം