കടല്‍ വെള്ളരി വേട്ട; പിടിച്ചത് 4.26 കോടിയുടെ കടല്‍ വെള്ളരി

By Web TeamFirst Published Feb 19, 2020, 12:47 PM IST
Highlights

ലക്ഷദ്വീപിലെ സുഹേലി ദ്വീപിലെ തമിഴ്നാട് റജിസ്റ്റര്‍ ബോട്ടില്‍ നിന്നാണ് ഇത്രയും കടല്‍ വെള്ളരി പിടികൂടിയത്. കവരത്തിയില്‍ നിന്നും അറുപത് കിലോമീറ്റര്‍ ദൂരത്താണ് ഈ ആള്‍താമസം ഇല്ലാത്ത ദ്വീപ്. 

കൊച്ചി: ലക്ഷദ്വീപില്‍ നിന്നും പ്രത്യേക ദൗത്യ സംഘം ബുധനാഴ്ച 4.26 കോടി രൂപയുടെ കടല്‍ വെള്ളരി പിടികൂടി. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയിലാണ് കിലോയ്ക്ക് 5000 രൂപവരെ വിലയുള്ള 1,716 കടല്‍ വെള്ളരികളെ പിടികൂടിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കടല്‍ വെള്ളരി വേട്ടയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

കടുവ, പുലി, ആന എന്നീ ജീവികളെപ്പോലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന, അതീവ സംരക്ഷണം ആവശ്യമായ ജീവികളാണ് കടല്‍ വെള്ളരി. ഇവയെ വേട്ടയാടുന്നതും പിടികൂടുന്നതും ഇന്ത്യയില്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ഒപ്പം ഈ ജീവിയെ കച്ചവടം ചെയ്യുന്നതും, കച്ചവടത്തിനായി ഉപയോഗിക്കുന്നതും അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ കുറ്റമാണ്.

ലക്ഷദ്വീപിലെ സുഹേലി ദ്വീപിലെ തമിഴ്നാട് റജിസ്റ്റര്‍ ബോട്ടില്‍ നിന്നാണ് ഇത്രയും കടല്‍ വെള്ളരി പിടികൂടിയത്. കവരത്തിയില്‍ നിന്നും അറുപത് കിലോമീറ്റര്‍ ദൂരത്താണ് ഈ ആള്‍താമസം ഇല്ലാത്ത ദ്വീപ്. ഇവിടെ നിന്നും ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് കടല്‍ വെള്ളരി കയറ്റുമതി നടക്കുന്നതായി വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ സംശയിക്കുന്നു. ബോട്ടില്‍ ചൂണ്ടകള്‍, കത്തികള്‍, വലകള്‍, 200 ലിറ്റര്‍ മണ്ണെണ്ണ, ജിപിഎസ് എന്നിവയും ഉണ്ടായിരുന്നു.

അതേ സമയം 1,716 കടല്‍ വെള്ളരികളുടെ ആന്തരാവയവങ്ങള്‍ നീക്കം ചെയ്ത് അതില്‍ അവകേടുവരാതിരിക്കാന്‍ കണ്ടെനറില്‍ സൂക്ഷിച്ച രീതിയിലാണ് കണ്ടെത്തിയത്. ലക്ഷദ്വീപ് കേന്ദ്രീകരിച്ച് കടല്‍ വെള്ളരി കള്ളക്കടത്ത് വ്യാപകമാണ് എന്ന സൂചന ലഭിച്ചതിനാല്‍ ഇതിനെതിരെ ഇന്‍റര്‍പോളിന്‍റെ പര്‍പ്പിള്‍ നോട്ടീസ് ഇറക്കാന്‍ ശ്രമം ആരംഭിച്ചതായി വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അറിയിക്കുന്നു.

നീളമുള്ള വെള്ളരിയുടെ ആകൃതിയിലുള്ള ജീവിയാണ് കടല്‍ വെള്ളരി. ഇവയെ കറുപ്പ് ചുവപ്പ് നിറങ്ങളില്‍ മഞ്ഞ വരകളോടെ കാണാം. പരമാവധി രണ്ട് മീറ്റര്‍വരെ ഇവയ്ക്ക് നീളമുണ്ട്. ഭക്ഷണാവശ്യത്തിനും, മരുന്നുകള്‍ക്കും ഇവയെ ഉപയോഗപ്പെടുത്താറുണ്ട്.

click me!