
രാജ്യത്തിന്‍റെ 15-ാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്യപ്പെട്ട 767 വോട്ടില്‍ 454 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്‍റെ വിജയം തെക്കേന്ത്യയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സിപി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് സി പി രാധാകൃഷ്ണന്‍ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. മഹാരാഷ്ട്ര ഗവർണറായിരുന്നു. ജാർഖണ്ഡ്, തെലങ്കാന ഗവർണർ സ്ഥാനവും വഹിച്ചിട്ടുണ്ട്.
ആരാണ് സി പി രാധാകൃഷ്ണൻ
1957 ഒക്ടോബർ 20ന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ജനിച്ച ചന്ദ്രപുരം പൊന്നസ്വാമി രാധാകൃഷ്ണൻ ആര്‍എസ്എസ് അംഗമായാണ് തന്‍റെ പൊതുജീവിതം ആരംഭിച്ചത്. 1998-ലും 1999-ലും കോയമ്പത്തൂർ ലോക്സഭാ സീറ്റിൽ വലിയ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള വി ഒ ചിദംബരം കോളേജിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (BBA) ബിരുദം നേടി.
17 വയസിൽ തന്നെ ഭാരതീയ ജനസംഘത്തിലും ആർഎസ്എസിലും അദ്ദേഹം സജീവമായി. 1974-ൽ ജനസംഘത്തിന്‍റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. സംസ്ഥാന ബിജെപി പ്രസിഡന്‍റ്, കയർ ബോർഡ് ചെയർമാൻ, ടെക്സ്റ്റൈൽസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ പ്രധാനപ്പെട്ട പദവികൾ അദ്ദേഹം വഹിച്ചു.
സംഘടനാ പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധേയനായി. കേരളത്തിന്‍റെ ബിജെപി ചുമതലയുള്ള നേതാവാകുന്നതിന് മുൻപ് തമിഴ്നാട്ടിൽ 93 ദിവസത്തെ 'രഥയാത്ര' നടത്തി. 2004 മുതൽ 2007 വരെ തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി മുതൽ 2024 ജൂലൈ വരെ ജാർഖണ്ഡ് ഗവർണറായി സേവനമനുഷ്ഠിച്ചു. 2024 മാർച്ച് മുതൽ ജൂലൈ വരെ തെലങ്കാനയുടെ ഗവർണറായും പുതുച്ചേരിയുടെ ലെഫ്റ്റനന്‍റ് ഗവർണറായും അധിക ചുമതല വഹിച്ചു. 2024 ജൂലൈ 31-ന് മഹാരാഷ്ട്ര ഗവർണറായി അദ്ദേഹം ചുമതലയേറ്റു. ഏകദേശം നാല് പതിറ്റാണ്ടിലേറെയുള്ള രാഷ്ട്രീയ ജീവിതമുള്ള അദ്ദേഹത്തെ തമിഴ്നാട്ടിൽ വലിയ വേരുകളുള്ള പരിചയസമ്പന്നനായ ബിജെപി നേതാവായിട്ടാണ് കണക്കാക്കപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam