
ദില്ലി: രണ്ടാം നരേന്ദ്രമോദി സർക്കാരിൻറെ രണ്ടാം വാർഷികം ഇന്ന്. ആഘോഷങ്ങൾ ഒഴിവാക്കി ഒരു ലക്ഷം ഗ്രാമങ്ങളിലെത്തി ജനങ്ങളെ കാണാനാണ് ബിജെപി പാർട്ടി അണികൾക്ക് നല്കിയിരിക്കുന്ന നിർദ്ദേശം. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം നരേന്ദ്രമോദിയുടെ ജനപ്രീതിയിലുണ്ടായ ഇടിവ് നികത്താനാകുമോ എന്ന ആശങ്കയോടെയാണ് സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുന്നത്.
5 വർഷം അധികാരത്തിൽ ഇരുന്ന ശേഷം നരന്ദ്ര മോദി ഒറ്റയ്ക്ക് 303 സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചു വന്നതാണ്. ബിജെപിക്ക് ഇത് വലിയ വിജയമായിരുന്നു. പുൽവാമയ്ക്കു ശേഷമുള്ള ദേശീയ വികാരത്തിനൊപ്പം ഉജ്ജ്വലയും ജൻധനും ഉൾപ്പടെ സാധാരണക്കാരിലേക്കെത്തിയ പദ്ധതികളും വിജയത്തിൽ വലിയ പങ്കു വഹിച്ചു. എന്നാൽ അധികാരത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ സംഘപരിവാർ അജണ്ട ഒരോന്നായി സർക്കാർ പുറത്തെടുത്തു. ആദ്യം ജമ്മുകശ്മീരിൻറെ പ്രത്യേക പദവി എടുത്തുകളഞ്ഞു. ജമ്മുകശ്മീരിനെ ഫോൺ പോലും വിച്ഛേദിച്ച് ലോക്ക്ഡൗണിലാക്കിയായിരുന്നു തീരുമാനം. നിയന്ത്രണങ്ങൾ ഒരു വർഷം നീണ്ടു നിന്നു.
പിന്നീട് പൗരത്വ നിയമഭേദഗതി. രാജ്യം ആകെ പ്രതിഷേധം അലയടിച്ചു. ഷഹീൻ ബാഗിലെ സ്ത്രീകളുടെ സമരം പുതിയ ചരിത്രമായി. കൊവിഡിനു ശേഷമുള്ള ലോക്ക്ഡൗണോടെയാണ് ആ സമരം അവസാനിപ്പിക്കാനായത്. മഹാമാരിക്കിടെ ചേർന്ന പാർലമെൻറ് സമ്മേളനത്തിൽ കാർഷിക പരിഷ്ക്കാര ബില്ലുകൾ പാസാക്കി മറ്റൊരു പ്രതിഷേധം കൂടി സർക്കാർ ക്ഷണിച്ചു വരുത്തി. ദില്ലി അതിർത്തികളിൽ തുടങ്ങിയ സമരം റിപ്പബ്ളിക് ദിനത്തിൽ നാടകീയ കാഴ്ചകൾക്കിടയാക്കി.
കർഷകസമരം സർക്കാരിൻറെ രണ്ടാം വാർഷികത്തിലും തുടരുകയാണ്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം കോടതി വിധിയിലൂടെയാണെങ്കിലും നടപ്പാക്കാൻ സർക്കാരിനായി. പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി തറക്കല്ലിട്ടു. എന്നാൽ മോദിയുടെ രണ്ടാം ഭരണത്തെ ഇനി നിർണ്ണയിക്കാൻ പോകുന്നത് കൊവിഡ് മഹാമാരി നേരിടുന്ന രീതിയാവും. ആദ്യ തരംഗത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച മോദി പിടിച്ചു നിന്നു. രാജ്യം പ്രധാനമന്ത്രിയുടെ കൂടെ ആയിരുന്നു. ബീഹാറിലെ വിജയം മോദിയുടെ ജനപ്രീതി ഇടിഞ്ഞില്ല എന്നതിന് തെളിവായി. എന്നാൽ രണ്ടാം തരംഗത്തിനു ശേഷം കഴിഞ്‍ഞ ഒരു മാസത്തിൽ മാത്രം ഒരു ലക്ഷത്തിലധികം പേർ രാജ്യത്ത് മരിച്ചു. ഈ കാഴ്ചകൾ രാജ്യത്തുണ്ടാക്കിയത് നിരാശയും രോഷവും. ഇത് മറികടക്കാനാകുമോ എന്ന ആശങ്ക ഭരണപക്ഷത്ത് പ്രകടമാണ്.
മഹാരാഷ്ട്രയിൽ ഭരണം പോയി. ഹരിയാനയിൽ ദുഷ്യന്തര ചൗതാലയുടെ പിന്തുണയോടെ പിടിച്ചു നിന്നു. ദില്ലിയിൽ വീണ്ടും കനത്ത തോൽവി. ഝാർഖണ്ടിലും ഉള്ള ഭരണം പോയി. ആസമും ബീഹാറും ആശ്വാസമെങ്കിലും ബംഗാൾ എന്ന ലക്ഷ്യം വീണ്ടും അഞ്ചു വർഷം അകലെയായി. മോദി ഉയരുമോ അതോ ഈ ക്ഷീണം തുടരുമോ എന്ന് ഇനി അടുത്ത വർഷം ആദ്യം നടക്കേണ്ട ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് നിർണ്ണയിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam