Latest Videos

പിയുഷ് ഗോയലിന്‍റെ വസതിയില്‍ കവര്‍ച്ച, കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തി; വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍

By Web TeamFirst Published Oct 3, 2019, 12:20 PM IST
Highlights

കംമ്പൂട്ടറില്‍ നിന്നും ചില വിവരങ്ങള്‍ ഇമെയില്‍ വഴി മറ്റൊരാള്‍ക്ക് കൈമാറിയതായും വ്യക്തമായിരുന്നു 

മുംബൈ: കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്‍റെ മുംബൈയിലെ വസതിയില്‍ കവര്‍ച്ച. വീട്ടുജോലിക്കാരന്‍ പിടിയില്‍. വിഷ്ണുകുമാര്‍ എന്ന 25 കാരനാണ് കവര്‍ച്ച നടന്ന് ദിവസങ്ങള്‍ക്കകം പിടിയിലായത്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ 19 നാണ് ഗോയലിന്‍റെ മുംബൈയിലെ വസതിയില്‍ മോഷണം നടന്നത്. 

ഇവിടെ സൂക്ഷിച്ചിരുന്ന വെള്ളിപ്പാത്രങ്ങളും വസ്ത്രങ്ങളും മോഷ്ടിച്ചതിന് ഒപ്പം ഇയാള്‍ വീട്ടിലെ കമ്പ്യൂട്ടറിലെ ചില വിവരങ്ങള്‍ മറ്റൊരാള്‍ക്ക്  കൈമാറിയതായും പൊലീസ് കണ്ടെത്തി.ഈ സമയത്ത് വസതിയില്‍ പിയൂഷ് ഗോയലും കുടുംബാംഗങ്ങളും ഉണ്ടായിരുന്നില്ല. യാത്രയിലായിരുന്ന ഗോയലിന്‍റെ ഭാര്യ തിരിച്ചെത്തിയപ്പോഴാണ് സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം മനസിലായത്. വീട്ടിലെ ജോലിക്കാരനെയും കാണ്മാനുമുണ്ടായിരുന്നില്ല. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ കംമ്പ്യൂട്ടറില്‍ നിന്നും ചില വിവരങ്ങള്‍ ഇമെയില്‍ വഴി മറ്റൊരാള്‍ക്ക് കൈമാറിയതായി വ്യക്തമായത്. പൊലീസ് നടത്തിയ അന്വേഷണത്തിനിടെ ദില്ലിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യലിനുമായി ഇയാളെ  മുംബൈയിലേക്ക് കൊണ്ടു വന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും കൂടുതല്‍ വിവരങ്ങള്‍ ഇയാളെ ചോദ്യം ചെയ്യുന്നതോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. 

click me!