
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപുരയിൽ തുടരുന്ന ഏറ്റുമുട്ടലിൽ സുരക്ഷ സേന ഹിസ്ബുള്‍ കമാന്റർ റിയാസ് നായ്കൂവിനെ വധിച്ചു. ഹിസ്ബുളിന്‍റെ തലവന്മാരിൽ ഒരാളാണ് റിയാസ് നായ്കൂ. ജമ്മു കശ്മീർ പൊലീസ് ഇയാളുടെ തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്നു. 2016ൽ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുളിന്‍റെ നേതൃത്ത്വത്തിലേക്കെത്തിയ ആളാണ് റിയാസ്.
15 മണിക്കൂറിലേറെയായി തുടരുന്ന ഏറ്റുമുട്ടലിൽ ഇയാളടക്കം രണ്ട് തീവ്രവാദികളെയാണ് സുരക്ഷ സേന വധിച്ചത്. കഴിഞ്ഞ ദിവസം രാത്രി അവന്തിപുരയിലെ ബെയ്ഗ‍്പുരയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി തെരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.
മൂന്ന് തീവ്രവാദികൾ സേനയുടെ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ രാത്രി മുതൽ അവന്തിപുരയിലെ വിവിധ മേഖലകളിലായി മൂന്ന് ഏറ്റുമുട്ടലുകളാണ് സുരക്ഷ സേന നടത്തിയത്. കശ്മീരില്‍ നിന്ന് യുവാക്കളെ ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് റിക്രൂട്ട് ചെയ്യുന്നവരില്‍ പ്രധാനികളില്‍ ഒരാളാണ് റിയാസ്.
നേരത്തെ, ഏറ്റമുട്ടലിനിടെ ഹിസ്ബുള്‍ കമാന്‍റര്‍ റിയാസ് നയ്കൂനെ ഒരു വീടിന് മുകളില്‍ കുടുക്കിയെന്നും സുരക്ഷാ സേന വളഞ്ഞെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നേരത്തെ, ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തില്‍ നാല് ജവാന്മാർക്കും രണ്ട് നാട്ടുകാർക്കും പരിക്കേറ്റിരുന്നു.
കശ്മീരിലെ ബദ്ഗാമിലാണ് ഇന്നലെ ജവാന്മാർക്കു നേരെ തീവ്രവാദികൾ ആക്രമണം നടത്തിയത്. ഇതിനിടെ ലോകം കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ ചിലര്‍ ഭീകരവാദത്തിന്‍റെ വൈറസുകള്‍ വിതയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam