ഭാരത് ജോഡോ യാത്ര ജമ്മുവിലെ ചില മേഖലകളിൽ ബസിൽ സഞ്ചരിക്കും,സുരക്ഷാ സേനകളുടെ നിർദ്ദേശം പാലിക്കും

By Web TeamFirst Published Jan 23, 2023, 10:48 AM IST
Highlights

സുരക്ഷയുടെ ഭാഗമായി ജോഡോ യാത്രയില്‍ ആളെ കുറയ്ക്കാന്‍ സാധ്യത. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജമ്മുകശ്മീര്‍ ഭരണകൂടം 

ദില്ലി:ഭാരത് ജോഡോ യാത്ര ജമ്മുവിലെ ചില മേഖലകളിൽ ബസിൽ സഞ്ചരിക്കും.സുരക്ഷാ സേനകളുടെ നിർദ്ദേശപ്രകാരമാണ് നടപടി.സുരക്ഷയുടെ ഭാഗമായി ജോഡോ യാത്രയില്‍ ആളെ കുറയ്ക്കാന്‍ സാധ്യതയുണ്ട്.യാത്ര കടന്നുപോകുന്ന തന്ത്ര പ്രധാനമേഖലകളെല്ലാം നിരീക്ഷണത്തിലാണ്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജമ്മുകശ്മീര്‍ ഭരണകൂടം പ്രതികരിച്ചു.ജമ്മുകശ്മീരിലെ നര്‍വാര്‍ളില്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വാഹനങ്ങളില്‍ സ്ഫോടനമുണ്ടായിരുന്നു.അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍ഐഎ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലേക്കും  പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. 

ജമ്മുകശ്മീര്‍ പോലീസിനേയും, കേന്ദ്രപോലീസിനെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശ പ്രകാരം ജില്ലാ ഭരണകൂടം സാഹചര്യം നിരീക്ഷിക്കുന്നുണ്ട്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഏറെ ദൂരത്തിലാണ് ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതെങ്കിലും രാഹുല്‍ ഗാന്ധിയുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. ദില്ലിയിലെ സുരക്ഷ വീഴ്ചയുടെ പശ്ചത്താലത്തില്‍ പങ്ക് വച്ച ആശങ്ക അസ്ഥാനത്തല്ലെന്ന് തെളിഞ്ഞെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം.

ഭാരത് ജോഡോ യാത്ര ഈ മാസം മുപ്പതിന് ജമ്മുകശ്മീരിൽ സമാപിക്കുമ്പോൾ നടക്കുന്ന റാലിയിൽ പങ്കെടുക്കാനുള്ള കത്ത് 31 പ്രതിപക്ഷ പാർട്ടികൾക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നല്കിയിരുന്നു. ക്ഷണം സിപിഐ ജനറൽ സെക്രട്ടറി ഡി രാജ സ്വീകരിച്ചു. ഇടതുമുന്നണിയിലുള്ള എൻസിപി, കേരള കോൺഗ്രസ് എം എന്നീ പാർട്ടികളും പങ്കെടുക്കുമെന്ന് വ്യക്താക്കി. എന്നാൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചടങ്ങിൽ നിന്ന് വിട്ടു നില്ക്കും. ക്ഷണം സ്വീകരിക്കണം എന്ന നിലപാടായിരുന്നു യെച്ചൂരിക്ക്. കേരള ഘടകം ഈ നീക്കത്തെ ശക്തമായി എതിർത്തു. യാത്ര തുടങ്ങിയ സമയത്ത് പാർട്ടിയെ രാഹുൽ ഗാന്ധി അപമാനിച്ചു എന്നാണ് കേരളത്തിലെ നേതാക്കൾ വാദിക്കുന്നത്. കേരളത്തിൽ യാത്ര സിപിഎമ്മിനെതിരായ നീക്കമാക്കി. അതിനാൽ പാർട്ടി ക്ഷണം സ്വീകരിക്കേണ്ടതില്ലെന്ന് സംസ്ഥാന നേതാക്കൾ നിലപാടെടുത്തു. ജമ്മുകശ്മീരിലെ പ്രതിപക്ഷ സഖ്യത്തിന്‍റെ  പേരിൽ സംസ്ഥാനത്തെ നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ മൊഹമ്മദ് യൂസഫ് തരിഗാമി റാലിയിൽ പങ്കെടുത്തേക്കും. ത്രിപുരയിൽ കോൺഗ്രസ് സിപിഎം അടവുനയത്തിന് ചർച്ചകൾ നടക്കുമ്പോഴാണ് ഭാരത് ജോഡോ യാത്രയിൽ നിന്ന് യെച്ചൂരി വിട്ടുനില്ക്കുന്നത്

click me!