ബിബിസി ഡോക്യുമെൻ്ററിയെ ചൊല്ലി ബിജെപിയും പ്രതിപക്ഷവും നേര്‍ക്കുനേര്‍; വീഡിയോ ലിങ്കുകൾ നീക്കം ചെയ്ത് കേന്ദ്രം

By Web TeamFirst Published Jan 22, 2023, 11:48 PM IST
Highlights

അടിയന്തര ഘട്ടങ്ങളിൽ ഇടപെടാനുള്ള  ഐടി നിയമത്തിലെ അധികാരമുപയോഗിച്ചാണ് ഇന്നലെ ഡോക്യുമെന്ററി ഉൾപ്പെടുന്ന യൂട്യൂബ് ലിങ്കുകളും ട്വീറ്റുകളും നീക്കം ചെയ്യാൻ വാർത്താ വിതരണ മന്ത്രാലയം സെക്രട്ടറി നിർദേശിച്ചത്. ഇതുവരെ നൂറോളം ട്വീറ്റുകൾ നീക്കം ചെയ്തെന്നാണ് സൂചന.
 

ദില്ലി: ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. പ്രതിപക്ഷ വിമര്‍ശനത്തെ നിയമമന്ത്രി കിരണ്‍ റിജിജു ചോദ്യം ചെയ്തു. വിമര്‍ശനങ്ങളെ ബിജെപിയും പ്രതിരോധിച്ചു. ഐടി നിയമത്തിലെ അടിയന്തിര ഇടപെടലിനുള്ള അധികമാരമുപയോഗിച്ച് കേന്ദ്രനിർദേശ പ്രകാരം ഡോക്യുമെന്‍ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യുന്നത് തുടരുകയാണ്. 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ  ഡോക്യുമെന്ററിയിലെ  വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശനം ശക്തമാക്കുമ്പോഴാണ് കേന്ദ്ര നിയമമന്ത്രിയുടെ പ്രതിരോധം. കൊളോണിയൽ അടിമത്വത്തിൽനിന്നും ചിലർ ഇപ്പോഴും മുക്തരായിട്ടില്ല, രാജ്യത്തിന്റെ അന്തസ്സിനേക്കാളും, സുപ്രീം കോടതിയേക്കാളും മുകളിലാണ് ചിലർ ബിബിസിയെ ചിത്രീകരിക്കുന്നതെന്നും  പ്രതിപക്ഷ നേതാക്കളെ ഉന്നമിട്ട് കിരൺ റിജിജു ട്വീറ്റ് ചെയ്തു. സുപ്രീംകോടതി തള്ളിക്കളഞ്ഞ ആരോപണങ്ങൾ വീണ്ടും ഉയർത്തി രാജ്യത്തിൻറെ അഭിമാനം തകർക്കുകയാണെന്നും, മനുഷ്യാവകാശം ബിബിസി പഠിപ്പിക്കേണ്ടെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. ഡോക്യുമെന്ററിക്ക് പിന്നിലുള്ള ഗൂഢാലോചനയെകുറിച്ച് അന്വേഷിക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. 

അതേ സമയം കലാപം നടന്ന 2002ല്‍  മോദി രാജിവയ്ക്കണമെന്ന് എബി വാജ്പേയി ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന്  കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.  ഡോക്യുമെന്ററി വിലക്ക് വിഷം നിറഞ്ഞതാണെന്നും മുൻ വിദേശകാര്യ സെക്രട്ടറിയും യുകെയിലെ മന്ത്രിതല സംഘങ്ങളിലുള്ളവരും നടത്തുന്ന വെളിപ്പെടുത്തലകളെ എങ്ങനെ തള്ളിക്കളായാനാകുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പി സായ്നാഥും ചോദിച്ചു. അടിയന്തര ഘട്ടങ്ങളിൽ ഇടപെടാനുള്ള  ഐടി നിയമത്തിലെ അധികാരമുപയോഗിച്ചാണ് ഇന്നലെ ഡോക്യുമെന്ററി ഉൾപ്പെടുന്ന യൂട്യൂബ് ലിങ്കുകളും ട്വീറ്റുകളും നീക്കം ചെയ്യാൻ വാർത്താ വിതരണ മന്ത്രാലയം സെക്രട്ടറി നിർദേശിച്ചത്. ഇതുവരെ നൂറോളം ട്വീറ്റുകൾ നീക്കം ചെയ്തെന്നാണ് സൂചന.
 

tags
click me!