യോഗിയെയും മോഹന്‍ ഭാഗവതിനെയും വിമര്‍ശിച്ചു; റാപ് ഗായിക ഹര്‍ദ് കൗറിനെതിരെ രാജ്യദ്രോഹക്കുറ്റം

By Web TeamFirst Published Jun 20, 2019, 12:31 PM IST
Highlights

ആര്‍എസ്എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ വാരാണസി സ്വദേശി ശശാങ്ക് ശേഖറിന്‍റെ പരാതിയിലാണ് നടപടി. ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് ഹാര്‍ഡ് കൗര്‍ ഇരുവരെയും വിമര്‍ശിച്ചത്. 

ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് എന്നിവരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിന് പ്രശസ്ത റാപ് ഗായികയുമായും നര്‍ത്തകിയുമായ ഹര്‍ദ് കൗറി(തരണ്‍ കൗര്‍ ധിലോണ്‍)നെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ആര്‍എസ്എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ വാരാണസി സ്വദേശി ശശാങ്ക് ശേഖറിന്‍റെ പരാതിയിലാണ് നടപടി. ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമായിരുന്നു ഇവരുടെ വിമര്‍ശനം. 

യോഗി ആദിത്യനാഥിനെ 'റേപ്മാന്‍' എന്ന് വിശേഷിപ്പിക്കുകയും പുല്‍വാമയടക്കമുള്ള രാജ്യത്തെ ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദി മോഹന്‍ ഭാഗവതാണെന്നും ഹാര്‍ഡ് കൗര്‍ ആരോപിച്ചിരുന്നു. ഹേമന്ത് കര്‍ക്കരെയുടെ മരണത്തിനും മോഹന്‍ ഭാഗവാതാണ് ഉത്തരവാദിയെന്നും ഹര്‍ദ് കൗര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഐപിസി സെക്ഷന്‍ 124(എ), 153, 500, 505, ഐടി ആക്ട് 66 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും. 

click me!