
ദില്ലി: പ്രശാന്ത് കിഷോർ ചേരുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടെന്ന സൂചനയുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ്സിംഗ്. (Senior Congress Leaders Opposed the Entry of Prashant Kishor to the party) പ്രശാന്ത് കിഷോർ കൂടുവിട്ടു കൂടുമാറുന്നതിൽ പലർക്കും ആശങ്കയുണ്ടെന്ന് ദ്വിഗ് വിജയ് സിംഗ് അറിയിച്ചു. പ്രശാന്ത് കിഷോറിൻറെ നിർദ്ദേശങ്ങൾ പഠിച്ച കോൺഗ്രസ് ഉപസമിതിയുടെ റിപ്പോർട്ടിൽ സോണിയഗാന്ധി അടുത്തയാഴ്ച തീരുമാനം എടുക്കുമെന്ന് നേതാക്കൾ പറഞ്ഞു.
കോൺഗ്രസ് ശക്തിപ്പെടുത്താൻ പ്രശാന്ത് കിഷോർ നല്കിയ നിർദ്ദേശങ്ങൾ നാലംഗ സമിതി പരിശോധിച്ചിരുന്നു. പ്രിയങ്ക ഗാന്ധി റിപ്പോർട്ട് സോണിയ ഗാന്ധിക്ക് നല്കി. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലുള്ള ചില മാറ്റങ്ങൾക്ക് കോൺഗ്രസ് തയ്യാറെടുക്കുന്നു എന്നാണ് സൂചന. ഇതു കൂടാതെ പ്രശാന്ത് കിഷോർ പാർട്ടിയിലേക്ക് വരുന്ന കാര്യത്തിലും അടുത്തയാഴ്ച തീരുമാനമുണ്ടാകും.
എന്നാൽ പാർട്ടിക്കുള്ളിൽ ഇക്കാര്യത്തിലുള്ള അതൃപ്തി വ്യക്തമാക്കുന്നതാണ് ദ്വിഗ് വിജയ് സിംഗിൻറെ വാക്കുകൾ. പ്രശാന്ത് കിഷോർ വരുന്നതിനോട് പലർക്കും യോജിപ്പില്ല. പ്രശാന്ത് കിഷോർ ഒരു പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിലേക്ക് ചാഞ്ചാടിക്കൊണ്ടിരുന്ന നേതാവാണ്. പ്രത്യയ ശാസ്ത്ര നിലപാടും ഇല്ല ഈ സാഹചര്യത്തിൽ എതിർപ്പുണ്ടാകും എന്ന് ദ്വിഗ് വിജയ്സിംഗ് പറഞ്ഞു.
കോൺഗ്രസിനെ ശക്തിപ്പെടുത്താൻ പ്രശാന്ത് കിഷോർ നല്കിയ നിർദ്ദേശങ്ങളിൽ പുതുമയില്ല. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് കിഷേർ പറയുന്നതെന്നും ദ്വിഗ് വിജയ് സിംഗ് വ്യക്തമാക്കി. എന്നാൽ സോണിയ ഗാന്ധിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു.
മുതിർന്ന നേതാക്കളുടെ അതൃപ്തി പ്രശാന്ത് കിഷോറിന് തുടക്കത്തിൽ കല്ലുകടിയാകുകയാണ്. ഗുലാംനബി ആസാദിൻറെ നേതൃത്വത്തിലുള്ള ഗ്രുപ്പിലെ നേതാക്കൾക്കും പ്രശാന്ത് കിഷോറിനെ കൊണ്ടു വരുന്നതിനോട് യോജിപ്പില്ല. യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനാണ് ഈ നീക്കമെന്നാണ് ജി ഇരുപത്തിമൂന്ന് നേതാക്കളുടെ വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam