
ദില്ലി : കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാനൊരുങ്ങുകയാണ് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ (Prashant kishor). എന്നാൽ പ്രശാന്ത് കിഷോറിന് പാർട്ടി അംഗത്വം നൽകുന്നതിൽ കോൺഗ്രസിൽ ഒരു വിഭാഗം ഇതിനോടകം എതിർപ്പുയർത്തിക്കഴിഞ്ഞു. മുതിർന്ന നേതാവ് ദ്വിഗ്വിജയ് സിംഗാണ് പ്രശാന്തിന് പാർട്ടി അംഗത്വം നല്കുന്നതിൽ കോൺഗ്രസിനുള്ളിൽ എതിർപ്പുണ്ടെന്ന് വെളിപ്പെടുത്തിയത്. ബിജെപിയടക്കം പല പാർട്ടികൾക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോറെന്നും അതാണ് സംശയമുയർന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രശാന്തിന്റെ വിശ്വാസ്യതയിൽ പാർട്ടിക്കുള്ളിൽ ചിലർ ഇതിനോടകം സംശയമുയർത്തിക്കഴിഞ്ഞുവെന്നും ദ്വിഗ്വിജയ് സിംഗ് വ്യക്തമാക്കുന്നു.
കോൺഗ്രസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രശാന്ത് നല്കിയ റിപ്പോർട്ടിൽ തങ്ങൾക്ക് അറിയാത്ത കാര്യങ്ങളൊന്നുമില്ലെന്നും ദ്വിഗ്വിജയ് സിംഗ് വ്യക്തമാക്കുന്നു. എന്നാൽ സോണിയ ഗാന്ധിയുടെ തീരുമാനമെന്തായാലും അത് അംഗീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം, പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച പദ്ധതികളില്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന ചർച്ചകള്‍ ദില്ലിയില്‍ തുടരുകയാണ്. പുതിയതായി രൂപികരിക്കപ്പെട്ട സമിതി വൈകാതെ പദ്ധതികളെ കുറിച്ചുള്ള വിലയിരുത്തല്‍ കോണ്‍ഗ്രസ് അധ്യക്ഷക്ക് കൈമാറും. 2024 ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം വരാനിരിക്കുന്ന ഗുജറാത്ത് കര്‍ണാടക ,മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളും കോണ്‍ഗ്രസ് ചർച്ച ചെയ്യുകയാണ്.
പ്രശാന്ത് കിഷോറിന്‍റെ പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ
1. ബഹുജനങ്ങളെ കോണ്‍ഗ്രസില്‍ അണിനിരത്തണം
2. കോണ്‍ഗ്രസിന്‍റെ മൂല്യങ്ങളും അടിസ്ഥാന തത്വങ്ങളും സംരക്ഷിക്കുക
3. ആശയക്കുഴപ്പം ഇല്ലാത്ത തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ ഉണ്ടാക്കുക
4. 'ഒരു കുടുംബം, ഒരു ടിക്കറ്റ്', നിലവിലുള്ള കുടുംബ രാഷ്ട്രീയം എന്ന ആരോപണം ഇല്ലാതാക്കും
5. പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പിലൂടെ സംഘടനാ സ്ഥാപനങ്ങൾ പുനഃസംഘടിപ്പിക്കുക.
6. കോൺഗ്രസ് പ്രസിഡന്റും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയും ഉൾപ്പെടെ എല്ലാ സ്ഥാനങ്ങൾക്കും നിശ്ചിത കാലാവധി നിശ്ചയിക്കുക
7. താഴേത്തട്ടില്‍ സജീവമായ 15,000 നേതാക്കളെ കണ്ടെത്തി ഇവര്‍ വഴി 1 കോടിപ്പേര്‍ അടങ്ങുന്ന ഒരു പ്രവര്‍ത്തക ഗ്രൂപ്പിനെ ഉണ്ടാക്കുക
10. 200-ലധികം സമൂഹത്തെ സ്വാധീനിക്കാന്‍ സാധിക്കുന്ന ചിന്തകര്‍ പൊതുസമൂഹത്തിലെ പ്രമുഖര്‍ എന്നിവരെ സംഘടിപ്പിക്കുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam