
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഗുജറാത്ത് സ്വദേശി ജമ്മു കാശ്മീർ സന്ദർശിച്ച കേസിൽ മകനെ ചോദ്യം ചെയ്തതിന് പിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ രാജിവച്ചു. ഭൂപേന്ദ്ര പട്ടേലിന്റെ ഓഫീസിലെ പബ്ലിക് റിലേഷൻ ഓഫീസറായ ഹിതേഷ് പാണ്ഡ്യയാണ് ഇന്നലെ രാജിക്കത്ത് നൽകിയത്. അറസ്റ്റിലായ കിരൺ പട്ടേലിനൊപ്പം ജമ്മുകാശ്മീരില് ഹിതേഷ് പാണ്ഡ്യയുടെ മകൻ അമിത് പാണ്ഡ്യയും ഉണ്ടായിരുന്നു.
കേസിൽ സാക്ഷിയായ ഇയാളെ ശ്രീനഗർ പോലീസ് കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്തത്. അമിത് പാണ്ഡ്യയെ ഗുജറാത്ത് ബിജെപി പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കി. അതേസമയം അറസ്റ്റിലായ കിരൺ പട്ടേലിനെതിരെ ഗുജറാത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ഇയാൾക്കെതിരെ ഗുജറാത്തിലെ കേസുകളുടെ എണ്ണം നാലായി. നിലവിൽ ശ്രീനഗറിൽ ജയിലിലാണ് കിരൺ പട്ടേൽ.