
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച പൊലീസ് ഇൻസ്പെക്ടർ അർഷാദ് ഖാന്റെ മകനെ മാറോട് ചേർത്ത് പിടിച്ച് കരയുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വൈറലാകുന്നു. അർഷാദ് ഖാന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ സീനിയർ പൊലീസ് സൂപ്രണ്ടൻഡ് ഹസീബ് മുഗളാണ് നാല് വയസുകാരനായ അർഷാദിന്റെ മകൻ ഉബാനേയും കെട്ടിപ്പിടിച്ച് കരച്ചിലടക്കാനാകാതെ ചടങ്ങിൽനിന്ന് പുറത്തേക്ക് പോയത്. പിതാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ ഉബാനെ ഹസീബ് മുഗൾ ചേർത്ത് പിടിച്ച് ചടങ്ങിൽനിന്നും പുറത്തേക്ക് പോകുകയായിരുന്നു. തിങ്കളാഴ്ച ശ്രീനഗറിലെ ജില്ലാ പൊലീസ് ലൈനിൽ വച്ചാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
ബുധനാഴ്ച ജമ്മുകശ്മീരിലെ അനന്താഗ് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇൻസ്പെക്ടർ അർഷാദ് ഖാൻ (37) വീരമൃത്യു വരിച്ചത്. ഭീകരാക്രമണത്തിൽ പരിക്കേറ്റ് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് അർഷാദ് ഖാൻ മരണത്തിന് കീഴടങ്ങിയത്. മോട്ടോർ സൈക്കിളിലെത്തിയ ജയ്ഷെ മുഹമ്മദ് ഭീകരർ സിആർപിഎഫ് –പൊലീസ് പട്രോൾ സംഘത്തെ ആക്രമിക്കുകയായിരുന്നു.
പൊലീസ് ജീപ്പിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ അർഷാദ് അഹമ്മദ് ഖാന് നേരെ ഭീകരൻ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് വീണിട്ടും ഭീകരനെതിരെ അർഷാദ് വെടിയുതിർത്തിരുന്നു. ഭീകരാക്രമണത്തിൽ അഞ്ച് സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പ്രത്യാക്രമണത്തിൽ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam