കണ്ണീരിന്‍റെ നനവുള്ള 75 വർഷം, സഹോദരിയെ ആദ്യമായി കണ്ട് അമർജീത്; മതം മാറിനിന്ന അപൂർവ കൂടിച്ചേരല്‍

By Vaisakh AryanFirst Published Sep 11, 2022, 12:26 PM IST
Highlights

ഗുരുദ്വാര ദർബാർ സാഹിബില്‍ ഇരുവരെയും നോക്കിനിന്ന ആർക്കും ആ സമയം കണ്ണീരടക്കാനായില്ല. സഹോദരിയെ ആദ്യമായി കണ്ട നിമിഷം മുതല്‍ കണ്ണീർ പൊഴിച്ചുകൊണ്ടിരുന്ന അമർജീതിന്‍റെ തലയില്‍ കുല്‍സൂം തഴുകിക്കൊണ്ടിരുന്നു.

അമ‍ർജീത് സിംഗിനും കുല്‍സൂം അക്തറിനും മാത്രമല്ല, ഗുരുദ്വാര ദർബാർ സാഹിബില്‍ ഇരുവരെയും നോക്കിനിന്ന ആർക്കും ആ സമയം കണ്ണീരടക്കാനായില്ല. സഹോദരിയെ ആദ്യമായി കണ്ട നിമിഷം മുതല്‍ കണ്ണീർ പൊഴിച്ചുകൊണ്ടിരുന്ന അമർജീതിന്‍റെ തലയില്‍ കുല്‍സൂം തഴുകിക്കൊണ്ടിരുന്നു. ഇരുവരുടെയും സന്തോഷം എല്ലാ അതിർത്തികൾക്കും അപ്പുറമായിരുന്നു. 

ഇന്ത്യാ - പാക് വിഭജനകാലത്താണ് അമർജീത് സിംഗും സഹോദരിയും മാതാപിതാക്കളെ വേർപിരിഞ്ഞത്. പിന്നീടങ്ങോട്ട് പഞ്ചാബിലെ ജലന്ധറിലാണ് ഇരുവരും താമസിച്ചത്. പിന്നീട് മാതാപിതാക്കൾ പാകിസ്ഥാനില്‍ പുതിയ ജീവിതമാരംഭിച്ചു. നാല് ആൺകുഞ്ഞുങ്ങൾക്കും ഒരു പെൺകുഞ്ഞിനും പിന്നീട് ദമ്പതികൾ ജന്മം നല്‍കി. പക്ഷേ ഇക്കാര്യങ്ങളൊന്നും സിക്ക് കുടുംബം എടുത്തു വളർത്തിയ അമർജിത്ത് സിംഗും സഹോദരിയും അറിഞ്ഞിരുന്നില്ല. സഹോദരി പിന്നീട് മരിച്ചു.

അതേസമയം, വിഭജനകാലത്ത് നഷ്ടപ്പെട്ട തന്‍റെ മകനെയും മകളെയും ഓർത്ത് വിഷമിക്കുന്ന അമ്മയെ കണ്ടാണ് കുല്‍സൂം അക്തർ  വളർന്നത്. എന്നെങ്കിലും ഇരുവരെയും കാണാനാകുമെന്ന് ആ അമ്മ എന്നും പ്രതീക്ഷിച്ചിരുന്നുവെന്നും കുല്‍സൂം പറയുന്നു. പിന്നെയും കാലങ്ങളൊഴുകി. കുല്‍സൂമിന് ഇപ്പോൾ 65 വയസായി. തന്‍റെ നഷ്ടപ്പെട്ടുപോയ സഹോദരനെയും സഹോദരിയെയും ഒരിക്കലെങ്കിലും കാണാനാകുമെന്ന് കുല്‍സൂം സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. പക്ഷേ ചില കാര്യങ്ങൾ അപ്രതീക്ഷിതമായി  സംഭവിച്ചത് ജീവിതത്തില്‍ വഴിത്തിരിവായി. 

വർഷങ്ങൾക്ക് മുന്‍പ് കുല്‍സൂമിന്‍റെ അച്ഛന്‍റെ സുഹൃത്തായ സർദാർ ദാര സിംഗ് ചില ആവശ്യങ്ങൾക്കായി ഇന്ത്യയില്‍നിന്നും പാകിസ്ഥാനിലെത്തിയപ്പോൾ കുടുംബത്തെ നേരില്‍ കണ്ടിരുന്നു. അപ്പോൾ കുല്‍സൂമിന്‍റെ അമ്മ ഇന്ത്യയില്‍ താന്‍ താമസിച്ചിരുന്ന പദവന്‍ ഗ്രാമത്തെകുറിച്ചും നഷ്ടപ്പെട്ട മക്കളെ കുറിച്ചുമെല്ലാം പറഞ്ഞു. തിരിച്ച് നാട്ടിലെത്തിയ സർദാർ ദാര സിംഗ് ആ അമ്മ പറഞ്ഞ സ്ഥലങ്ങൾ പോയി കണ്ടു. നീണ്ട അന്വേഷണത്തിനൊടുവില്‍ അമ്മയുടെ മകന്‍ അമർജീത് സിംഗ് എന്ന പേരില്‍ ഇപ്പോഴും അവിടെ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞു. 1947 ല്‍ തന്നെ സഹോദരനെയും സഹോദരിയെയും പ്രദേശത്തെ ഒരു സിക്ക് കുടുംബം എടുത്തു വളർത്തിയിരുന്നു. 

ഒരിക്കലും കണ്ടെത്താനാകില്ലെന്ന് കരുതിയ സഹോദരനെകുറിച്ച് വിവരം ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് കുല്‍സൂം പറയുന്നു. വാട്സ് ആപ്പിലൂടെയാണ് ഇരുവരും ആദ്യം ബന്ധപ്പെട്ടത്. പിന്നീട് നേരില്‍ കാണാന്‍ തീരുമാനിച്ചു. കടുത്ത നടുവേദന കാരണം ബുദ്ദിമുട്ടുമ്പോഴും തന്‍റെ സഹോദരനെ കാണാനായി കുല്‍സൂം ഫൈസലാബാദില്‍നിന്നും  കർത്താർപൂരിലേക്ക് തിരിച്ചു. പ്രത്യേക വിസയെടുത്ത് അട്ടാരി അതിർത്തി വഴിയാണ് വീല്‍ചെയറില്‍ അമർജീത് സിംഗ് തന്‍റെ പാകിസ്ഥാനില്‍ ജനിച്ച സഹോദരിയെ ആദ്യമായി കാണാനായി കർത്താർപൂർ ഇടനാഴിയിലേക്ക് തിരിച്ചത്. 

തന്‍റെ മാതാപിതാക്കൾ മുസ്ലീം മത വിശ്വാസികളാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് അമർജീത് സിംഗ് പറയുന്നു. പക്ഷേ വിഭജനകാലത്ത് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട തന്നെപ്പോലെ എത്രയോപേരെ അറിയാവുന്ന അമർജീത് സിംഗിന് പക്ഷേ അതൊന്നും ഒരു തടസമായി തോന്നിയില്ല. പാകിസ്ഥാനിലെ കുടുംബാംഗങ്ങളെ ഇന്ത്യയിലേക്കും കൊണ്ടുവരണമെന്നും തന്‍റെ സിക്ക് കുടുംബാംഗങ്ങളെ കാണിക്കണമെന്നുമാണ് അമർജീത് സിംഗിന്‍റെ ഇനിയുള്ള ആഗ്രഹം. 

'തന്‍റെ നഷ്ടപ്പെട്ട കുടുംബത്തെ കണ്ടെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന്' കുല്‍സൂം അക്തറിന്‍റെ മകന്‍ ഷഹസാദ് അഹമ്മദും മാധ്യമങ്ങളോട് പറഞ്ഞു. 'തന്‍റെ അമ്മാവനും സിക്ക് കുടുംബമാണ് തണലായത്. അന്നുമുതല്‍ അവരെല്ലാം സിഖ് മതവിശ്വാസപ്രകാരമാണ് വളർന്നത്. എനിക്കും കുടുംബത്തിനും ഇതൊന്നും ഒരു തടസമല്ല' ഷഹസാദ് പറയുന്നു. ഇരു രാജ്യങ്ങളിലുമായുള്ള ബന്ധുക്കൾ പരസ്പരം ഒരുപാട് സമ്മാനങ്ങളും അവിടെവച്ച് കൈമാറി. 

വിഭജനകാലത്ത് വേർപിരിഞ്ഞ കുടുംബങ്ങളുടെ അപൂർവ സമാഗമത്തിന് മുന്‍പും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള കർത്താർപൂർ ഇടനാഴി വേദിയായിട്ടുണ്ട്. കഴിഞ്ഞ മെയില്‍ സിക്ക് കുടുംബത്തില്‍ ജനിച്ച പിന്നീട് മുസ്ലീം കുടുംബം എടുത്തു വളർത്തിയ വനിത തന്‍റെ ഇന്ത്യയിലെ കുടുംബാംഗങ്ങളെ കർത്താർപൂർ ഇടനാഴിയില്‍ എത്തി കണ്ടിരുന്നു. 

വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ സൗദി അറേബ്യയുടെ പൗരാണിക തലസ്ഥാന നഗരം സന്ദര്‍ശിച്ചു
 

click me!