മന്ത്രിയെന്ന നിലയില്‍ സൗദിയിലെ ആദ്യ ഔദ്യോഗിക പര്യടനത്തിന് തുടക്കമിട്ട് ശനിയാഴ്ച രാവിലെ റിയാദിലെത്തിയ ഡോ. എസ്. ജയശങ്കര്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ആസ്ഥാനം സന്ദര്‍ശിക്കുകയും സെക്രട്ടറി ജനറല്‍ ഡോ. നാഇഫ് ഫലാഹ് മുബാറക് അല്‍-ഹജ്‌റഫുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

റിയാദ്: രണ്ടുദിവസത്തെ ഔദ്യോഗിക പര്യടനത്തിന് റിയാദിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ ശനിയാഴ്ച രാത്രി ദറഇയ ഗേറ്റ് വികസന അതോറിറ്റി പദ്ധതി മേഖല സന്ദര്‍ശിച്ചു. സൗദി അറേബ്യയുടെ പൗരാണിക ഭരണസിരാകേന്ദ്രമായിരുന്ന ദറഇയ ചരിത്രനഗരത്തിന്റെ സംരക്ഷണത്തിന് രൂപവത്കരിച്ച അതോറിറ്റിയാണ് ദറഇയ ഗേറ്റ്. നഗരത്തില്‍ പ്രവേശിച്ച മന്ത്രിക്ക് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉപദേശകന്‍ അബ്ദുല്ല അല്‍-ഗാനം പദ്ധതിയെയും ചരിത്രനഗരത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിശദീകരിച്ചുകൊടുത്തു.

അതിന് ശേഷം ഡോ. എസ്. ജയശങ്കര്‍ അതോറിറ്റി അധികൃതര്‍ക്കും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സല്‍വ കൊട്ടാരവും ദറഇയ ഗാലറിയും ത്രീഡി മാപ്പിങ് ഷോയും കണ്ടു. മന്ത്രിയെന്ന നിലയില്‍ സൗദിയിലെ ആദ്യ ഔദ്യോഗിക പര്യടനത്തിന് തുടക്കമിട്ട് ശനിയാഴ്ച രാവിലെ റിയാദിലെത്തിയ ഡോ. എസ്. ജയശങ്കര്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ആസ്ഥാനം സന്ദര്‍ശിക്കുകയും സെക്രട്ടറി ജനറല്‍ ഡോ. നാഇഫ് ഫലാഹ് മുബാറക് അല്‍-ഹജ്‌റഫുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. നിലവിലെ പ്രാദേശിക, ആഗോള സാഹചര്യങ്ങളെക്കുറിച്ചും അത്തരം സന്ദര്‍ഭത്തില്‍ ഇന്ത്യ-ജി.സി.സി സഹകരണത്തിന്റെ പ്രസക്തിയെക്കുറിച്ചും വീക്ഷണങ്ങള്‍ പരസ്പരം കൈമാറി. തുടര്‍ന്ന് ഇന്ത്യയും ജി.സി.സിയും തമ്മിലുള്ള കൂടിയാലോചനകളുടെ യാന്ത്രികഘടന സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വൈകീട്ട് 4.30 ന് ഇന്ത്യന്‍ എംബസിയില്‍ പ്രവാസി പ്രതിനിധികളുമായുള്ള സംവാദത്തിലും മന്ത്രി പങ്കെടുത്തു. 

സൗദിയില്‍ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ഡോ. എസ്. ജയശങ്കര്‍

അതേസമയം സൗദി അറേബ്യയില്‍ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്ര സ്ഥാപിക്കണമെന്ന ആവശ്യത്തോട് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ അനുകൂലമായി പ്രതികരിച്ചു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി റിയാദിലെത്തിയ അദ്ദേഹത്തിന് മുന്നില്‍ ഇന്ത്യന്‍ എംബസിയില്‍ ശനിയാഴ്ച വൈകീട്ട് നടന്ന സംവാദ പരിപാടിയില്‍ പ്രവാസികള്‍ ഈ വിഷയം ഉന്നയിച്ചപ്പോഴാണ് ആവശ്യം പരിഗണിക്കാമെന്ന് മറുപടി പറഞ്ഞത്.

കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐ.സി.സി.ആര്‍) മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ 38 രാജ്യങ്ങളില്‍ നിലവിലുണ്ടെന്ന് വിഷയം മന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചവര്‍ ചൂണ്ടിക്കാട്ടി. 51 രാജ്യങ്ങളില്‍ ഇന്ത്യന്‍ ചെയറുകളും (സെന്റര്‍ ഫോര്‍ എക്‌സലന്‍സ്) ഐ.സി.സി.ആറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.

ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഉള്ളടക്കങ്ങള്‍ 'നെറ്റ്ഫ്‌ലിക്‌സി'ല്‍ നിന്ന് നീക്കം ചെയ്യണമെന്ന് ജി.സി.സി

ഇന്ത്യന്‍ പാരമ്പര്യ കലകള്‍, സംഗീതം, നൃത്തങ്ങള്‍, വാദ്യകലകള്‍, യോഗ തുടങ്ങിയവ അഭ്യസിപ്പിക്കാനുള്ള അദ്ധ്യാപകര്‍, അതിനുള്ള സംവിധാനങ്ങളും ഹാളുകളും, അവതരിപ്പിക്കാനുള്ള വേദികള്‍, ഇന്ത്യയില്‍നിന്നും വിവിധ കലാകാരന്മാരെയും മറ്റും സൗദിയിലെത്തിച്ച് പരിപാടികള്‍ നടത്താനുള്ള ബൃഹത്തായ പദ്ധതികളാണ് ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്നത്. ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കപ്പെട്ടാല്‍ ഇന്തോ-സൗദി നയതന്ത്ര രംഗങ്ങളിലും, കലാ-സാംസ്‌കാരിക ഉഭയ സഹകരണത്തിലും വലിയ കുതിച്ചുചാട്ടത്തിന് തുടക്കമിടും. ഇരു രാജ്യങ്ങളുടെയും സാംസ്‌കാരിക വിനിമയം എളുപ്പമാകും.