മതപരിവര്‍ത്തന നിരോധന നിയമം: യുപിയില്‍ ഏഴുപേര്‍ കൂടി അറസ്റ്റില്‍

By Web TeamFirst Published Dec 5, 2020, 4:59 PM IST
Highlights

സീതാപൂരില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഏഴുപേരെ അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
 

സീതാപൂര്‍ :നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ഉത്തര്‍പ്രദേശില്‍ ഏഴുപേര്‍ കൂടി അറസ്റ്റില്‍. സീതാപൂരില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഏഴുപേരെ അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പ്രധാന പ്രതിയുടെ സഹോദനും സഹോദരീ ഭര്‍ത്താവും അറസ്റ്റിലായി. നവംബര്‍ 24നാണ് സംഭവം. 27നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുതിയ നിയമപ്രകാരം എട്ടുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സീതാപൂര്‍ എഎസ്പി രാജീവ് ദിക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാന പ്രതിയെ പിടികൂടാന്‍ ഏഴ് സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജബ്രിയേല്‍ എന്നയാളാണ് പ്രധാന പ്രതി. ഇയാളുടെ സഹോദരന്‍ ഇസ്രയേല്‍, സഹോദരീ ഭര്‍ത്താവ് ഉസ്മാന്‍ എന്നിവര്‍ അറസ്റ്റിലായി. നവംബര്‍ 28നാണ് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയത്. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം തടവും 50000 രൂപ വരെ പിഴയുമാണ് ശിക്ഷ.
 

click me!