
ബംഗളൂരു: തെലങ്കാനയിലെ മുളുഗു ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് നക്സൽ വിരുദ്ധസേന. തെലങ്കാന, ആന്ധ്ര പൊലീസിന്‍റെ സംയുക്തസേനയായ ഗ്രേ ഹൗണ്ട്സ് യൂണിറ്റുമായുള്ള ഏറ്റുമുട്ടലിലാണ് ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. മേഖലയിലെ പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാവായ ഭദ്രു ഉൾപ്പടെയുള്ളവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി തെലങ്കാന പൊലീസ് അറിയിച്ചു.
മുളുഗുവിലെ എട്ടുരു നഗരം മണ്ഡലിലുള്ള ചൽപ്പാക്ക വനമേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരം കിട്ടി എത്തിയ ഗ്രേ ഹൗണ്ട്സ് സ്ക്വാഡിന് നേരേ മാവോയിസ്റ്റുകൾ വെടിയുതിർത്തെന്നാണ് പൊലീസ് വിശദീകരണം. തിരിച്ചുള്ള വെടിവെപ്പിലാണ് ഏഴ് പേർ കൊല്ലപ്പെട്ടത്. സ്ഥലത്ത് നിന്ന് രണ്ട് എ കെ 47 റൈഫിളുകളും സ്ഫോടകവസ്തുക്കളും അടക്കം വൻ ആയുധശേഖരം കണ്ടെടുത്തെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി മേഖലയിൽ ഗ്രാമീണർക്ക് നേരെ മാവോയിസ്റ്റുകൾ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അടുത്ത കാലത്ത് ഈ മേഖലയിൽ നടന്ന ഏറ്റവും വലിയ മാവോയിസ്റ്റ് ഏറ്റുമുട്ടലാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam