മണിപ്പൂരിൽ ഭീകരാക്രമണം : ഉന്നത സൈനിക ഉദ്യോഗസ്ഥനും കുടുംബവും മൂന്ന് ജവാൻമാരും കൊല്ലപ്പെട്ടു

By Asianet MalayalamFirst Published Nov 13, 2021, 3:42 PM IST
Highlights

 ആക്രമണത്തിൻ്റെ ഉത്തരവാദിത്തം നിലവിൽ തീവ്രവാദസംഘടനകളാരും ഏറ്റെടുത്തിട്ടില്ല. എന്നാൽ മണിപ്പൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമി എന്ന ഭീകരസംഘടനയെ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. 
 

ചുരാചന്ദ്പ്പൂർ: രാജ്യത്തെ ഞെട്ടിച്ച് മണിപ്പൂരിലുണ്ടായ (manipura) ഭീകരാക്രമണത്തിൽ (terrorattack) ഏഴ് പേർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ചുരാചന്ദ്പ്പൂർ മേഖലയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയുണ്ടായ ഭീകരാക്രമണത്തിലാണ് അസം റൈഫിൾസ് യൂണിറ്റ് കമാൻഡിംഗ് ഓഫീസറും കുടുംബവും മറ്റു നാല് ജവാൻമാരും അടക്കം ഏഴ്  പേർ കൊല്ലപ്പെട്ടത്. 

അസം റൈഫിൾസ് 46-ാം യൂണിറ്റ് കമാൻഡിംഗ് ഓഫീസറായ വിപ്ലബ് ത്രിപാഥി, അദ്ദേഹത്തിൻ്റെ ഭാര്യ, മകൻ ഇവരുടെ സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സൈനികർ, വാഹനത്തിൻ്റെ ഡ്രൈവർ എന്നിവർക്കാണ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് ഒളിഞ്ഞിരുന്ന ഭീകരർ പൊടുന്നനെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. 

മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ സെഹ്കൻ എന്ന ഗ്രാമത്തോട് ചേർന്നാണ് ആക്രമണമുണ്ടായത്.  വൻ ആയുധശേഖരത്തോട് കൂടിയാണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് വിവരം. മ്യാൻമാർ അതിർത്തിയോട് ചേർന്നുള്ള ഒരു വിദൂ​ര​ഗ്രാമപ്രദേശമാണിത്.  ആക്രമണത്തിൻ്റെ ഉത്തരവാദിത്തം നിലവിൽ തീവ്രവാദസംഘടനകളാരും ഏറ്റെടുത്തിട്ടില്ല. എന്നാൽ മണിപ്പൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമി എന്ന ഭീകരസംഘടനയെ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. 

ഭീകാരക്രമണം സ്ഥിരീകരിച്ച മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരണ് സിംഗ് ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനകൾ തെരച്ചിൽ ആരംഭിച്ചതായി അറിയിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഭീകരാക്രമണത്തെ അപലപിച്ചു. അഞ്ച് സൈനികരുടെ വിലപ്പെട്ട ജീവനുകളും രണ്ട് കുടുംബാംഗങ്ങളേയും രാജ്യത്തിന് നഷ്ടമായിരിക്കുന്നു. ജീവൻ നഷ്ടമായവരുടെ ഉറ്റവരുടെ ദുഖത്തിൽ പങ്കു ചേരുന്നു. ഈ ഹീനകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നീതിക്ക് മുന്നിൽ കൊണ്ടു വരിക തന്നെ ചെയ്യും - രാജ്നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.  

click me!