
ദില്ലി: വായു മലിനീകരണം (Air Pollution) തടയാൻ ദില്ലിയിൽ (Delhi) രണ്ട് ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാവുന്നതാണെന്ന് സുപ്രീംകോടതി(Supreme Court). ഉടൻ ഇക്കാര്യത്തിൽ തീരുമാനം എടുക്കണം. വീടിനുള്ളിൽ പോലും മാസ്ക് ധരിച്ചിരിക്കേണ്ട അവസ്ഥയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ദില്ലി സര്‍ക്കാര്‍ അടിയന്തിര യോഗം വിളിച്ചു.
ദില്ലിയിലെ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടപെടൽ. അടിയന്തര സാഹചര്യമാണ് ദില്ലിയിലെന്നും ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയണമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ ആവശ്യപ്പെട്ടു. വൈക്കോൽ കത്തിക്കുന്നത് മാത്രമല്ല, മലിനീകരണത്തിന് കാരണം. വീടിനുള്ളിൽ പോലും മാസ്ക് ധരിച്ച് ഇരിക്കേണ്ടിവരുന്നു. ഈ അവസ്ഥയ്ക്ക് കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ ഉത്തവാദിത്തമുണ്ടെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടുന്നത്.
മലിനീകരണം തടയാൻ സര്‍ക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു. വായു നിലവാര സൂചിക 200ൽ താഴെയെത്തിക്കാൻ രണ്ട് ദിവസത്തിനുള്ളിൽ നടപടിയുണ്ടാകണം. അതിനായി ലോക്ഡൗണ്‍ വരെ ആലോചിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വായു നിലവാര സൂചിക 50ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ ഇപ്പോൾ 471ന് മുകളിലാണ്. യഥാര്‍ത്ഥത്തിൽ വിഷപ്പുകയാണ് ദില്ലിയുടെ അന്തരീക്ഷത്തിൽ. അന്തരീക്ഷ മലിനീകരണം ദില്ലിയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അടിയന്തിര നടപടി വേണമെന്ന കോടതി നിര്‍ദ്ദേശം.
സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അടിയന്തിര മന്ത്രിസഭ യോഗം വിളിച്ചു. ലോക്ഡൗണോ, ഒറ്റ ഇരട്ട നമ്പര്‍ വാഹ നിയന്ത്രണമോ പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam