
ബെംഗളൂരു: കർണാടകത്തിലെ ഏഴ് ചരിത്ര, പ്രകൃതി വിസ്മയങ്ങൾക്ക് പുരസ്കാരങ്ങളുമായി ഏഷ്യാനെറ്റ് സുവർണ ന്യൂസും കന്നഡ പ്രഭയും. കർണാടകത്തിലെ ഏഴ് വിസ്മയങ്ങളായി തെരഞ്ഞെടുക്കപ്പെട്ടയിടങ്ങളിലെ ഏഴ് ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പുരസ്കാരം സമ്മാനിച്ചു. ശ്രാവണ ബെലഗോള, ഗോൽ ഗുംബാസ്, മൈസൂർ പാലസ്, ഹംപി, ജോഗ് വെള്ളച്ചാട്ടം, നേത്രാണി ദ്വീപ്, ഹിരെ ബെനകൽ എന്നിവയാണ് കർണാടകത്തിലെ ഏഴ് വിസ്മയങ്ങളായി പ്രേക്ഷകർ തെരഞ്ഞെടുത്തവ.
ഈ ഏഴ് വിസ്മയങ്ങളും നിലകൊള്ളുന്ന ജില്ലകളിലെ കളക്ടർമാർക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പുരസ്കാരങ്ങൾ സമർപ്പിച്ചു. പ്രകൃതിവിസ്മയങ്ങളും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി. ലോകത്തെ ഏഴ് വിസ്മയങ്ങൾക്ക് തത്തുല്യമായവ കർണാടകത്തിലുമുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വർക്ക് എക്സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറ. ഏഴ് ലോകാത്ഭുതങ്ങളിൽ ഇവയിലൊന്ന് പോലുമില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഈ നാട് അത്ര സുന്ദരമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
കർണാടകയുടെ ചരിത്രവും സംസ്കൃതിയും വിളിച്ചോതുന്നവയാണ് ഈ ഏഴ് വിസ്മയങ്ങളുമെന്ന് പരിപാടിയുടെ ബ്രാൻഡ് അംബാസിഡറും നടനുമായ രമേഷ് അരവിന്ദും പറഞ്ഞു. ഇവയുടെ ഭംഗി ഒറ്റനോട്ടത്തിലറിയാവുന്നതല്ല, അതിലും ആഴത്തിലുള്ളതാണ്. അത് കാണാനാകണം എന്നായിരുന്നു വാക്കുകൾ. കർണാടകയിലെ തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഉഡുപ്പി ജില്ലയിലെ ബൈന്ദൂരിൽ രാജ്യത്തെ ആദ്യത്തെ മറീന നിർമിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കോസ്റ്റൽ റെഗുലേഷൻ സോൺ നിയമങ്ങളിൽ ഇളവുകൾ നൽകുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയ ശേഷം തീരപ്രദേശങ്ങളിൽ ബീച്ച് ടൂറിസവും തീർഥാടന ടൂറിസവും ഏറ്റെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ബൊമ്മൈ പറഞ്ഞു.
വിനോദസഞ്ചാരത്തിന് പുതിയ ദിശാബോധം നൽകുന്നതിനായി 'കർണ്ണാടകയിലെ ഏഴ് അത്ഭുതങ്ങൾ' പരിപാടിക്ക് സർക്കാർ എല്ലാവിധ സഹകരണവും നൽകുമെന്ന് ബൊമ്മൈ പറഞ്ഞു. മറഞ്ഞിരിക്കുന്ന ഏഴ് അത്ഭുതങ്ങൾ തിരയുന്നതിന്റെ ഭാഗമായി സുവർണ ന്യൂസ് ചാനൽ കണ്ടെത്തിയ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചാൽ, അവിടങ്ങളിൽ ടൂറിസം വികസിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. വാർത്താ ചാനൽ എല്ലാ വർഷവും ഇത്തരം പരിപാടികൾ നടത്തണം, അത്തരം സംരംഭങ്ങൾക്ക് സർക്കാർ പിന്തുണ നൽകും. ഓരോ ഗ്രാമത്തിലും ഗവേഷണം നടത്തേണ്ട ചരിത്രശേഷിപ്പുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുത്ത അത്ഭുതങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയ സർട്ടിഫിക്കറ്റ് അതത് ജില്ലാ കമ്മീഷണർമാർ സ്വീകരിച്ചു. കർണാടകയിലെ ഏഴ് അത്ഭുതങ്ങൾ താഴെ പറയുന്നവയാണ്
ഹിരേബെനക്കൽ
ബിസിഇ 800 മുതൽ ബിസിഇ 200 വരെയുള്ള കാലഘട്ടത്തിൽ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന കർണാടകയിലുള്ള ഒരു മെഗാലിത്തിക് പ്രദേശമാണ് ഹിരേബെനക്കൽ. കൊപ്പൽ ജില്ലയിലെ ഗംഗാവതി താലൂക്കിലാണ് ചരിത്ര പ്രധാനമുള്ള ഈ പ്രദേശം. 'മഹാ ശിലായുഗ അത്ഭുതം' ആയി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഹംപി
14-ാം നൂറ്റാണ്ടിനും 16-ാം നൂറ്റാണ്ടിനും ഇടയിൽ വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു ഹംപി. കർണാടകയുടെ മധ്യഭാഗത്തായാണ് ഹംപി. ബെംഗളൂരുവിൽ നിന്ന് 353 കിലോമീറ്ററും ഹോസ്പേട്ടിൽ നിന്ന് 13 കിലോമീറ്ററും ദൂരം. അതിമനോഹരമായ വാസ്തുവിദ്യയുടെ കാഴ്ചകള്‍ കാണാവുന്ന ഹംപി വിജയനഗരത്തിന്റെ മികച്ച ഉദാഹരണമാണ്. 'വാസ്തുവിദ്യാ വിസ്മയം' ആയാണ് ഹംപിയെ പ്രഖ്യാപിച്ചത്.
ഗോമതേശ്വര പ്രതിമ
57 അടി ഉയരമുള്ള ഗോമതേശ്വര പ്രതിമ പത്താം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ്. ഹാസൻ ജില്ലയിലെ ശ്രാവണബലഗോളയിലെ വിന്ധ്യഗിരി കുന്നിൻ മുകളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. 'തത്വശാസ്ത്ര വിസ്മയം' എന്നാണ് ഇതിനെ പ്രഖ്യാപിച്ചത്.
ഗോൽ ഗുംബസ്
1656-ൽ ബിജാപൂരിൽ (ഇന്നത്തെ വിജയപുര) നിർമിച്ച സുൽത്താൻ മുഹമ്മദ് ആദിൽ ഷായുടെ ശവകുടീരമന്ദിരമാണ് ഗോൽ ഗുംബസ്. കൂറ്റൻ ഗോൾ ഗുംബസിനെ 'വാസ്തുവിദ്യാ ശാസ്ത്ര വിസ്മയം' ആയി പ്രഖ്യാപിച്ചു.
മൈസൂർ പാലസ്
19, 20 നൂറ്റാണ്ടുകൾ പഴക്കമുള്ള, ലോകപ്രശസ്തമായ അംബ വിലാസ് കൊട്ടാരം, വോഡയാർ രാജവംശം വിഭാവനം ചെയ്ത 'രാജകീയ പൈതൃക വിസ്മയം' ആയി പ്രഖ്യാപിച്ചു.
ജോഗ് വെള്ളച്ചാട്ടം
ഇന്ത്യയിലെ ഏറ്റവും മനോഹരമായി കണക്കാക്കപ്പെടുന്ന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ജോഗ് വെള്ളച്ചാട്ടം. 830 അടി ഉയരത്തിൽ നിന്നാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്. ഷിമോഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജോഗ് വെള്ളച്ചാട്ടത്തെ, ലോകപ്രശസ്തമായ ഈ വിഷ്വൽ ട്രീറ്റിനെ 'ഭൂമിയിലെ പ്രകൃതി വിസ്മയം' എന്ന് പ്രഖ്യാപിച്ചു.
നേത്രാനി ദ്വീപ്
അറബിക്കടലിൽ ഹൃദയാകൃതിയിലുള്ള ഈ ദ്വീപ് പ്രണയത്തിന്റെ പ്രതീകമാണ്, ഉത്തര കന്നഡ ജില്ലയിലെ മുരുഡേശ്വറിൽ സ്ഥിതി ചെയ്യുന്ന നേത്രാനി ദ്വീപിനെ വെള്ളത്തിലെ പ്രകൃതി വിസ്മയമായി പ്രഖ്യാപിച്ചു.