Latest Videos

​ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈം​ഗികാതിക്രമ പരാതി; രാജ്ഭവനിലെ 4 ജീവനക്കാർക്ക് നോട്ടീസ്

By Web TeamFirst Published May 4, 2024, 4:16 PM IST
Highlights

 ഇന്ന് വൈകുന്നേരം തന്നെ ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്താനാണ് ജീവനക്കാർക്കുള്ള നിർദേശം. 

കൊൽക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ രാജ്ഭവന്‍ ജീവനക്കാര്‍ക്ക് ചോദ്യം ചെയ്യലിന് നോട്ടീസ്. പ്രത്യേക അന്വേഷണ സംഘമാണ് നോട്ടീസ് നല്‍കിയത്. ഭരണഘടന പദവിയിലിരിക്കുന്ന തനിക്കെതിരെ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലെന്ന് ഗവര്‍ണ്ണര്‍ പ്രതികരിച്ചു.

ലൈംഗികാതിക്രമ പരാതി ഗവര്‍ണര്‍ ആനന്ദബോസിനെതിരെ ശക്തമാക്കി മമത സര്‍ക്കാര്‍. രാജ്ഭവനിലെ നാല് ജീവനക്കാര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. പരാതിക്കാരിയായ ജീവനക്കാരിയുടേയും മൊഴിയെടുക്കും. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതുള്‍പ്പടെയുള്ള നടപടികളോട് രൂക്ഷമായി പ്രതികരിച്ച ഗവര്‍ണര്‍ സര്‍ക്കാരിന് താക്കീത് നല്‍കി.

ബംഗാള്‍ ഗവര്‍ണര്‍ ഭരണഘടന അനുച്ഛേദം 361 പ്രകാരം ഗവര്‍ണര്‍ക്കെതിരെ ഒരു ക്രിമനല്‍ നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. അപ്പോള്‍ രാഷ്ട്രീയമായി ബിജെപിയേയും ഗവര്‍ണറേയും പ്രതിരോധത്തിലാക്കുകയെന്ന തന്ത്രമാണ് മമത സര്‍ക്കാര്‍ പയറ്റുന്നത്. തെരഞ്ഞെടുപ്പ് റാലികളില്‍ ആനന്ദബോസിനും മോദിക്കുമെതിരെ മമത ബാനര്‍ജി ആവര്‍ത്തിച്ച് രൂക്ഷ വിമര്‍ശനമുയര്‍ത്തി.

ആരോപണവിധേയനൊപ്പം രാജ്ഭവനില്‍ ഒരു രാത്രി കഴിഞ്ഞ മോദിക്ക് മിണ്ടാട്ടമില്ലെന്ന് മമത കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് കഴിഞ്ഞ ദിവസം ബംഗാളിലെത്തിയ പ്രധാനമന്ത്രി രാജ്ഭവനിലാണ് തങ്ങിയത്. ഇതിനിടെ കേരളത്തിലുള്ള ആനന്ദബോസിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ആലുവ പാലസിലേക്കുള്ള വഴിയില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ ്ചെയ്തു നീക്കി. 


 

click me!