Latest Videos

ലൈംഗികാതിക്രമ പരാതി: അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ബംഗാൾ ഗവര്‍ണര്‍ ആനന്ദബോസ്: ജീവനക്കാര്‍ക്ക് കത്ത്

By Web TeamFirst Published May 5, 2024, 5:29 PM IST
Highlights

വെസ്റ്റ് ബംഗാളിലെ രാജ്ഭവനിലെ ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഗവര്‍ണര്‍ നിലപാട് അറിയിച്ചത്

കൊൽക്കത്ത: തനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ഗവര്‍ണര്‍ സിവി ആനന്ദബോസ് പശ്ചിമ ബംഗാളിലെ രാജ്ഭവൻ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇക്കാര്യം വിശദീകരിച്ച് അദ്ദേഹം ജീവനക്കാര്‍ക്ക് കത്തയച്ചു. ഗവർണ്ണർക്കെതിരെ ക്രിമിനൽ നടപടി പാടില്ലെന്നാണ് ചട്ടമെന്ന് വിശദീകരിച്ചാണ് ഗവര്‍ണര്‍ ആനന്ദബോസ് കത്തയച്ചിരിക്കുന്നത്.

ലൈംഗികമായി പീഡിപ്പിച്ചെന്ന രാജ് ഭവന്‍ ജീവനക്കാരിയുടെ പരാതിയിലെ അന്വേഷണം തടസപ്പെടുത്താന്‍ ഗവര്‍ണ്ണര്‍   ശ്രമിക്കുന്നുവെന്ന് രാഷ്ട്രപതിയെ അറിയിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് രാജ് ഭവന്‍ ജീവനക്കാര്‍ക്ക് ആനന്ദബോസ് എഴുതിയ കത്ത് പുറത്ത് വന്നത്. പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയെന്നും, സിസി ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെന്നും മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞെന്ന് കത്തില്‍ പറയുന്നു. ഭരണഘടന പരിരക്ഷയുള്ള ഗവര്‍ണ്ണര്‍ക്കെതിരെ എങ്ങനെ പോലീസിന് കേസെടുക്കാനാകുമെന്ന് ചോദിക്കുന്ന ആനന്ദബോസ് രാജ് ഭവനിലുള്ള ആരും അന്വേഷണവുമായി സഹകരിക്കേണ്ടെന്നും നിര്‍ദ്ദേശിക്കുന്നു. രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ച കേസാണെന്ന ആരോപണം  ആവര്‍ത്തിക്കുന്നു. 

ഗവര്‍ണ്ണര്‍ക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് രാഷ്ട്രപതിക്കയക്കാനാണ് സര്‍ക്കാര്‍ നീക്കം. ക്രിമിനല്‍ നടപടി സാധ്യമല്ലെന്നിരിക്കേ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഗവര്‍ണ്ണറെ നീക്കാനാണ് ശ്രമം. സംഭവത്തിന് പിന്നാലെ  ഗവര്‍ണ്ണര്‍ കേരളത്തിലെത്തിയതോടെ ഒളിച്ചോടിയെന്ന  ആക്ഷേപം തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമാക്കുകയാണ്.

രണ്ട് തവണ ഗവര്‍ണ്ണര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രാജ് ഭവന്‍ ജീവനക്കാരിയായ യുവതി ഉറച്ച് നില്‍ക്കുകയാണ്. ഏപ്രില്‍ 24ന് ഗവര്‍ണറുടെ മുറിയില്‍ വച്ചും, മെയ് 2ന് കോണ്‍ഫറന്‍സ് മുറിയില്‍ വച്ചും പീഡനം നടന്നുവെന്ന പരാതിയില്‍ യുവതി  ഉറച്ചുനില്‍ക്കുകയാണ്. താത്കാലിക നിയമനം സ്ഥിരപ്പെടുത്താമെന്ന വാഗ്ദാനം നല്‍കി ഗവര്‍ണ്ണര്‍ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!