
ബെംഗളൂരു: കർണ്ണാടക കോലാറിലെ ഐഫോൺ നിർമാണ ശാലയിൽ തൊഴിലാളികൾ ആക്രമണം നടത്തിയ സംഭവത്തിൽ എസ്എഫ്ഐ നേതാവ് അറസ്റ്റിൽ. എസ്എഫ്ഐ താലൂക്ക് പ്രസിഡൻ്റ് ശ്രീകാന്തിനെയാണ് അറസ്റ്റ് ചെയ്തത്. ശമ്പളം ലഭിക്കാത്തതിനെതിരെ പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് ഫക്ടറിയിലെ തൊഴിലാളികൾ ശ്രീകാന്തിനെ സമീപിച്ചിരുന്നു. തുടർന്ന് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
ഐ ഫോൺ നിർമ്മാണ ശാലയിലുണ്ടായ ആക്രണത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ അതൃപ്തി അറിയിച്ചിരുന്നു. ഡിസംബർ 12ന് നടന്ന ആക്രമണത്തിൽ പുറത്ത് നിന്നുള്ള 2000 പേരടക്കം 7000 ആളുകൾക്കെതിരെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഐഫോൺ നിർമാണശാല തൊഴിലാളികൾ അടിച്ചു തകർത്തത്. തായ്വാന്‍ കമ്പനിയായ വിസ്ട്രോൺ കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ളതാണ് കോലാർ ജില്ലയിലെ ഫാക്ടറി. സംസ്ഥാന സർക്കാർ നല്‍കിയ 43 ഏക്കറില്‍ പ്രവർത്തിക്കുന്ന ഫാക്ടറിയില്‍ പതിനായിരത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.
രാവിലെ ജോലി കഴിഞ്ഞ് ഫാക്ടറിക്ക് പുറത്തിറങ്ങിയ ആയിരത്തോളം തൊഴിലാളികളാണ് വീണ്ടും അകത്തേക്ക് സംഘടിച്ചെത്തി ഫാക്ടറി തല്ലി തകർത്തത്. കമ്പനിയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പിന്നീട് കോലാർ പോലീസെത്തി ലാത്തി വീശിയാണ് തൊഴിലാളികളെ മാറ്റിയത്.
രണ്ടുമാസത്തിലധികമായി ശമ്പളം മുടങ്ങിയിരിക്കുകയാണെന്നും പല തവണ ആവശ്യപ്പെട്ടിട്ടും കമ്പനി അധികൃതർ നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് പ്രതികരിക്കേണ്ടിവന്നതെന്നുമാണ് തൊഴിലാളികൾ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam