ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയില്‍ എസ്എഫ്ഐ സഖ്യത്തിന് വിജയം

By Web TeamFirst Published Jan 24, 2020, 8:12 PM IST
Highlights

ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ എസ്എഫ്ഐ സഖ്യത്തിന് വിജയം. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സ്റ്റുഡന്‍റ്സ് യൂണിയന്‍ കൗണ്‍സില്‍ സീറ്റില്‍ നാലിലും ജയിച്ചത്  എസ്എഫ്ഐ- ബിഎപിഎസ്എ സഖ്യമാണ്.

അഹമ്മദാബാദ്: ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ എസ്എഫ്ഐ സഖ്യത്തിന് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സ്റ്റുഡന്‍റ്സ് യൂണിയന്‍ കൗണ്‍സില്‍ സീറ്റില്‍ നാലിലും ജയിച്ചത്  എസ്എഫ്ഐ--ബിഎപിഎസ്എ സഖ്യമാണ്. സര്‍വകലാശാലയില്‍ എസ്എഫ്ഐ രൂപീകരിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിലാണ് സഖ്യം വിജയത്തിലെത്തിയത്. 

അതേസമയം ഒരു സീറ്റിലും എബിവിപിക്ക് വിജയിക്കാനായില്ല.  സ്കൂൾ ഓഫ് ലാംഗ്വേജസിൽ എസ്‌എഫ്‌ഐ സ്ഥാനാർഥി ചിത്തരഞ്ജൻ കുമാർ 26 വോട്ടുകൾക്ക്‌ എബിവിപി സ്ഥാനാർഥി ദീപക്കിനെ പരാജയപ്പെടുത്തി. ആകെയുള്ള 166 വോട്ടുകളിൽ 94 വോട്ടുകൾ നേടിയാണ്‌ എബിവിപിയുടെ ശക്തികേന്ദ്രത്തിൽ എസ്‌എഫ്‌ഐ സ്ഥാനാർഥി വിജയം നേടിയത്‌.

സ്കൂൾ ഓഫ്‌ സോഷ്യൽ സയൻസിൽ ബാപ്‌സയുടെ(BAPSA) ദിവാൻ അഷ്‌റഫ്‌ 69 വോട്ടുകൾക്ക്‌ എബിവിപി സ്ഥാനാർഥി പ്രാചി റാവലിനെ പരാജയപ്പെടുത്തി.  ആകെയുള്ള 167 വോട്ടുകളിൽ 114 വോട്ടുകൾ ദിവാൻ അഷ്‌റഫ്‌ നേടിയപ്പോൾ എബിവിപി സ്ഥാനാർഥിക്ക്‌ 45 വോട്ടുകളാണ്‌ നേടാനായത്. സ്കൂൾ ഓഫ്  ഇന്റർനാഷണൽ സ്റ്റഡീസിൽ എൽഡിഎസ്എഫ് സ്ഥാനാർഥി പ്രാചി ലോഖന്ദെ 22 വോട്ടുകൾക്ക്‌ എബിവിപി സ്ഥാനാർഥി രമാജാജുലയെ തോൽപ്പിച്ചു. 

ആകെ പോൾ ചെയ്‌ത 38 വോട്ടുകളിൽ 30 വോട്ടുകളും എൽഡിഎസ്എഫ് സ്ഥാനാർഥി കരസ്ഥമാക്കിയപ്പോൾ എബിവിപി സ്ഥാനാർഥിക്ക്‌ എട്ട്‌ വോട്ടുകൾ മാത്രമാണ്‌ നേടാനായത്‌. ലൈബ്രറി സയൻസിൽ എസ്എഫ്ഐ സഖ്യം പിന്തുണച്ച സ്വതന്ത്രനും വിജയിച്ചതായും സിപിഎം മുഖപത്രം ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. എസ്‌എഫ്‌ഐ, ബാപ്‌സ(BAPSA), എൽഡിഎസ്എഫ് സംഘടനകൾ സഖ്യമായാണ്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്‌. വിജയികള്‍ക്ക് അഭിനന്ദനമറിയിച്ച് ജെഎന്‍യു എസ്എഫ്ഐ യൂണിയന്‍ പ്രസിഡന്‍റ്  ഐഷി ഘോഷ് രംഗത്തെത്തി.

click me!