
പൂനെ: ശിവസേന ഉദ്ധവ് താക്കറേ വിഭാഗത്തിന് പാർട്ടി ചിഹ്നമായ അമ്പും വില്ലും നഷ്ടപ്പെട്ടത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ. പുതിയ ചിഹ്നം ജനങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശിവസേന എന്ന പേരും അമ്പും വില്ലും ചിഹ്നവും ഏക്നാഥ് ഷിൻഡെ പക്ഷത്തിന് നൽകിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് വന്നതിന് പിന്നാലെയാണ് ശരദ് പവാറിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അംഗീകരിക്കാനും പുതിയൊരു ചിഹ്നം സ്വീകരിക്കാനും ശരദ് പവാർ ഉദ്ധവ് താക്കറേയോട് നിർദ്ദേശിച്ചു. "അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ്. തീരുമാനമെടുത്തു കഴിഞ്ഞ സ്ഥിതിക്ക് അതിലൊരു ചർച്ചയ്ക്ക് ഇനി സാധ്യതയില്ല. ചിഹ്നം നഷ്ടപ്പെട്ടത് വലിയ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കില്ല. ജനങ്ങൾ പുതിയ ചിഹ്നം ഏറ്റെടുക്കും. അടുത്ത് 15-30 ദിവസത്തേക്ക് വിഷയം ഒരു ചർച്ചയാകുമെന്ന് മാത്രം". ശരദ് പവാർ അഭിപ്രായപ്പെട്ടു.
രണ്ട് കാളകളും നുകവും എന്നതിൽ നിന്ന് കോൺഗ്രസിന്റെ ചിഹ്നം മാറ്റേണ്ടിവന്നത് ശരദ് പവാർ ഓർത്തെടുത്തു. കോൺഗ്രസിന്റെ പുതിയ ചിഹ്നം സ്വീകരിച്ചതുപോലെ ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ പുതിയ ചിഹ്നവും ജനങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധിയും ഇതുപോലുള്ള സാഹചര്യം നേരിട്ടതായി താൻ ഓർക്കുന്നു. കോൺഗ്രസിന് 'നുകവും രണ്ട് കാളകളും' ചിഹ്നം ഉണ്ടായിരുന്നു. പിന്നീട് അവർക്ക് അത് നഷ്ടപ്പെട്ടു, 'കൈ' പുതിയ ചിഹ്നമായി സ്വീകരിക്കേണ്ടി വന്നു. പക്ഷേ, ആളുകൾ അത് സ്വീകരിച്ചു. അതുപോലെ ഉദ്ധവ് താക്കറേ വിഭാഗത്തിന്റെ പുതിയ ചിഹ്നവും ജനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധ്യതയില്ലെന്ന് വിലയിരുത്തിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക പേരും ചിഹ്നവും ഷിൻഡേ പക്ഷത്തിന് അനുവദിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ പക്ഷത്തിൻ്റെ രാഷ്ട്രീയ ഭാവി കൂടി തുലാസ്സിലായിരിക്കുകയാണ്. ഉദ്ധവ് താക്കറെയുടെ പിതാവ് ബാൽതാക്കറെ സ്ഥാപിച്ച പാര്‍ട്ടിയാണ് ശിവസേന.
Read Also: മദ്യനയ അഴിമതിക്കേസ്; സിസോദിയയെ വിടാതെ സിബിഐ, വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam