'പുതിയ ട്രക്കിന് കണ്ണുകിട്ടാതിരിക്കാന്‍ ചെയ്യുന്നപോലെ'; റഫാല്‍ വിമാനത്തിലെ ശാസ്ത്ര പൂജയെ പരിഹസിച്ച് ശരദ് പവാര്‍

By Web TeamFirst Published Oct 10, 2019, 5:57 PM IST
Highlights

ഭാരതീയ പാരമ്പര്യ പ്രകാരം ആയുധപൂജ നടത്തിയ ശേഷമാണ് രാജ്നാഥ് സിങ് ഇന്ത്യയുടെ ആദ്യ റഫാല്‍ വിമാനം ഏറ്റുവാങ്ങിയത്. 

യവാത്‍മല്‍: ആദ്യ റഫാല്‍ വിമാനത്തില്‍ ശാസ്ത്ര പൂജ നടത്തിയ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങിനെ പരിഹസിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍. പുതിയ ട്രക്ക് വാങ്ങുമ്പോള്‍ കണ്ണുകിട്ടാതിരിക്കാന്‍ നാരങ്ങയും പച്ചമുളകും കെട്ടിതൂക്കുന്ന പോലെയാണ് റഫാലിന് പൂജ നടത്തിയതെന്ന് പവാര്‍ പറഞ്ഞു. വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

റഫാല്‍ യുദ്ധവിമാനം വാങ്ങിയ തീരുമാനം ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തി ഉള്ളതാണെന്നതില്‍ സംശയമില്ല. എന്നാല്‍ റഫാല്‍ വിമാനത്തില്‍ നാരങ്ങയും പച്ചമുളകും കെട്ടിതൂക്കിയെന്ന് വായിച്ചു. ഇത് സത്യമാണോ എന്നറയില്ലെന്നും എന്നാല്‍ ഈ പ്രവൃത്തി പുതിയ ട്രക്ക് വാങ്ങുമ്പോള്‍ ദൃഷ്ടിദോഷം മാറ്റാന്‍ ചെയ്യുന്നപോലെയുണ്ടെന്നും ശരദ് പവാര്‍ പറഞ്ഞു. 

ഇന്ത്യയുടെ ആദ്യ റഫാല്‍ വിമാനത്തില്‍ രാജ്നാഥ് സിങ് ശാസ്ത്ര പൂജ നടത്തിയിരുന്നു. ഭാരതീയ പാരമ്പര്യം അനുസരിച്ച് ആയുധ പൂജ നടത്തിയ ശേഷമാണ് യുദ്ധവിമാനം ഏറ്റുവാങ്ങിയത്. ഇന്ത്യന്‍ വായുസേനാ ദിനത്തിനൊപ്പം ദസറയും ഒത്തുചേര്‍ന്ന ചൊവ്വാഴ്ചയാണ് ഫ്രാന്‍സിലെ ദസോൾട്ട് എവിയേഷന്‍ നിര്‍മ്മിച്ച റഫാൽ വിമാനം ഇന്ത്യയ്ക്ക് കൈമാറിയത്. റഫാൽ വിമാനം വാങ്ങുവാനുള്ള കരാര്‍ മോദി സര്‍ക്കാര്‍ സെപ്തംബര്‍ 23,2016നാണ് ഫ്രാന്‍സുമായി ഒപ്പുവച്ചത്. 36 റഫാൽ യുദ്ധവിമാനങ്ങളാണ് ഇത് പ്രകാരം ഫ്രാന്‍സ് ഇന്ത്യയ്ക്ക് നിര്‍മ്മിച്ചു നല്‍കേണ്ടത്. ഇന്ത്യ ഇതിനായി 60000 കോടിയാണ് മുടക്കുന്നത്. 


 

click me!