
ദില്ലി: ക്രിസ്‌മസ് ആഘോഷങ്ങൾക്കിടെ രാജ്യത്ത് പലയിടത്തായി ക്രൈസ്‌തവർക്കെതിരെ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. തീവ്ര വലതു സംഘടനകൾ നടത്തിയ അതിക്രമങ്ങളിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നതിനെ അദ്ദേഹം കുറ്റപ്പെടുത്തി. ഈ മൗനം അക്രമികൾക്കുള്ള പരോക്ഷ പിന്തുണയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാഭാരതത്തിൽ പാഞ്ചാലി കൗരവ സഭയിൽ അപമാനിക്കപ്പെട്ടത് പരാമർശിച്ചുകൊണ്ടായിരുന്നു ശശി തരൂർ എക്സിലെ കുറിപ്പിൽ വിമർശനം ഉന്നയിച്ചത്.
'മഹാഭാരതത്തിൽ, കൗരവ സദസ്സിൽ, ഗുരുക്കന്മാരുടെയും, മുതിർന്നവരുടെയും, പാണ്ഡവരുടെയും സാന്നിധ്യത്തിൽ, ദുശ്ശാസനൻ പാഞ്ചാലിയെ വസ്ത്രാക്ഷേപം നടത്താൻ ശ്രമിച്ചപ്പോൾ, ഭീഷ്മർ പോലും മൗനം പാലിച്ചു. ആ സമയത്ത്, പാണ്ഡവ പക്ഷത്തുനിന്നല്ല, മറിച്ച് കൗരവരുടെ ഭാഗത്ത് നിന്നാണ് പ്രതിഷേധത്തിന്റെ ശബ്ദം ഉയർന്നത്. ദുര്യോധനനോട് സഹോദരനായ വികർണ്ണൻ 'ഇത് അന്യായമാണ്, ഇത് അധർമ്മമാണ്' എന്ന് പറഞ്ഞു. അധികാരത്തിലുള്ള ഒരു പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതൃത്വത്തിൽ ആരെങ്കിലും 'ഈ ക്രൂരത നിർത്തൂ' എന്ന് പറയാൻ കാത്തിരിക്കുന്നു'- ശശി തരൂർ എക്സിൽ കുറിച്ചു.
ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുമ്പോൾ ഭൂരിപക്ഷം കാഴ്ചക്കാരായി നിന്നാൽ സമാധാനം ഇല്ലാതാവും. ഹിന്ദുക്കളും, മുസ്ലീങ്ങളും ക്രിസ്ത്യാനികളുമടക്കം എല്ലാ മതവിഭാഗങ്ങളിലെയും ആളുകൾ സഹവർത്തിത്തോടെ കഴിയുന്നതുകൊണ്ടാണ് കേരള മോഡൽ നിലനിൽക്കുന്നതെന്നും അദ്ദേഹം ക്രിസ്മസ് ദിന സന്ദേശം പങ്കുവെച്ചുള്ള പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam