'നേതാക്കളില്ല'; ശശി തരൂരിന് വമ്പൻ സ്വീകരണം ഒരുക്കി തമിഴ് മണ്ണും, അണിനിരന്ന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍

By Web TeamFirst Published Oct 7, 2022, 7:30 PM IST
Highlights

പിന്തുണ അറിയിക്കാൻ ഡസൻ കണക്കിന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയതിലെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. തമിഴ്നാട്ടിലെ പ്രചാരണ പരിപാടികൾ പൂർത്തിയാക്കി തരൂർ ഇതിന് ശേഷം ദില്ലയിലേക്ക് മടങ്ങി.

ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എംപി ശശി തരൂരിന് വമ്പന്‍ സ്വീകരണം ഒരുക്കി തമിഴ്നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍. വിമാനത്താവളത്തില്‍ ഉള്‍പ്പെടെ നൂറക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് തരൂരിനെ സ്വീകരിക്കാന്‍ എത്തിയത്. കഴിഞ്ഞ ദിവസം കേരളത്തില്‍ സംഭവിച്ച പോലെ തന്നെ ശശി തരൂരിനെ സ്വീകരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ആരും ഉണ്ടായില്ല. ഊഷ്മളമായ സ്വീകരണമാണ് തമിഴ്നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയതെന്ന് ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പക്ഷേ, 'നേതാക്കള്‍' ആരും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്തുണ അറിയിക്കാൻ ഡസൻ കണക്കിന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയതിലെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. തമിഴ്നാട്ടിലെ പ്രചാരണ പരിപാടികൾ പൂർത്തിയാക്കി തരൂർ ഇതിന് ശേഷം ദില്ലയിലേക്ക് മടങ്ങി.

അതേസമയം, എഐസിസിയുടെ നിബന്ധനകൾ നിലനിൽക്കുമ്പോഴും കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്കുള്ള പിന്തുണ പരസ്യമായി തന്നെ  ഗുജറാത്ത് പിസിസി പ്രകടിപ്പിച്ചു. വോട്ട് തേടിയെത്തിയ മല്ലികാർജുൻ ഖാർഗെയ്ക്ക് വിമാനത്താവളം മുതൽ പിസിസി അധ്യക്ഷന്‍റെ നേതൃത്വത്തിൽ വമ്പൻ വരവേൽപ്പാണ് ഒരുക്കിയത്.  ഔദ്യോഗിക സ്ഥാനാർഥിയില്ലെന്ന് ഹൈക്കമാൻഡ് പറയുമ്പോഴാണ് ഖാർഗെയ്ക്കൊപ്പം പിസിസി അധ്യക്ഷനൂം സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമടക്കം അണിനിരന്നത്.

എന്നാല്‍, പിസിസി അധ്യക്ഷൻമാരടക്കം മല്ലികാർജുൻ ഖാർഗെയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതിനെതിരെ തരൂർ വിഭാഗം ഹൈക്കമാൻഡിന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മല്ലികാർജുൻ ഖാർഗെ ഇന്നലെ രാത്രിയോടെയാണ് അഹമ്മദാബാദിലെത്തിയത്. സ്വകരിക്കാൻ കാത്ത് നിന്നത് നേതാക്കളുടെ നീണ്ട നിര തന്നെയായിരുന്നു.

സംസ്ഥാന അധ്യക്ഷൻ ജഗദീഷ് ഠാക്കൂർ, പ്രതിപക്ഷ നേതാവ് സുഖ്റാം രത്, ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള സ്ക്രീനിംഗ് കമ്മറ്റി ചെയർമാൻ രമേശ് ചെന്നിത്തല, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രഘു ശർമ്മ, പിന്നെ ജിഗ്നേഷ് മേവാനി അടക്കം ഒരു കൂട്ടം എംഎൽഎമാരും ചേര്‍ന്ന് ഖാര്‍ഗെയ്ക്ക് വമ്പന്‍ സ്വീകരണം തന്നെ ഒരുക്കി. സ്ഥാനാർഥിക്ക് വേണ്ടി നേരിട്ട് വോട്ട് ചോദിക്കാനോ പ്രസ്താവന നടത്താനോ ഒന്നും പിസിസി ഭാരവാഹികൾ മുതിരരുത് എന്നാണ് ഹൈക്കമാൻഡിന്‍റെ മാർഗ നിർദ്ദേശം. എന്നാൽ ഖാർഗെയ്ക്ക് വമ്പന്‍ വരവേല്‍പ്പ് ഒരുക്കി ഗുജറാത്ത് പിസിസി നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് : അഭിപ്രായം പറയാനില്ല , എഐസിസി നിർദേശം പാലിക്കും-വി.ഡി.സതീശൻ

click me!