'അവള്‍ സുരക്ഷിത, തട്ടിക്കൊണ്ടുപോയതല്ല, ബിജെപി നേതാവിനെതിരെ പരാതിപ്പെട്ട പെണ്‍കുട്ടിയെ കണ്ടെത്തി

By Web TeamFirst Published Aug 30, 2019, 4:38 PM IST
Highlights

മുന്‍ കേന്ദ്രമന്ത്രി ചിന്‍മയാനന്ദ് ഒരുപാട് പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്തുവെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട് എന്നുമായിരുന്നു കാണാതാകുന്നതിന് തൊട്ടുമുമ്പ് പെണ്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ

ദില്ലി: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ നിന്ന് കാണാതായ യുവതിയെ ആറ് ദിവസത്തിന് ശേഷം രാജസ്ഥാനില്‍ നിന്ന് കണ്ടെത്തി. ബിജെപിയുടെ പ്രമുഖ നേതാവ് പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. 

എന്നാല്‍ പെണ്‍കുട്ടിയെ സുഹൃത്തിനൊപ്പമാണ് കണ്ടെത്തിയത്. ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോന്നുവെന്നും പൊലീസ് വ്യക്തമാക്കി. വേണ്ട നിയമനടപടികള്‍ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു. ദില്ലിയിലും യുപിയിലും രാജസ്ഥാനിലുമെല്ലാം പൊലീസ് പെണ്‍കുട്ടിയെ അന്വേഷിച്ചിരുന്നു. മൊബൈല്‍ നെറ്റ്‍വര്‍ക്ക് പരിതി ഉപയോഗിച്ചും പൊലീസ് അന്വേഷണം നടത്തി. പെണ്‍കുട്ടി ഇപ്പോള്‍ വളരെ സന്തോഷവതിയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് പെണ്‍കുട്ടി വിവിധ സ്ഥലങ്ങളില്‍ പോയതെന്നും പൊലീസ് പറഞ്ഞു. 

മകള്‍ തിരിച്ചെത്തിയതോടെ താന്‍ സന്തോഷവാനാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. മകള്‍ പറയാനുള്ളത് കേള്‍ക്കുന്നതുവരെ ചിന്മയാനന്ത സ്വാമിയെ കുറിച്ച് താനൊന്നും പറയുന്നില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഫേസ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്താണ് പെണ്‍കുട്ടി നാടുവിട്ടത്. സന്ത് സമാജ് നേതാവ് ഒരുപാട് പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്തുവെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നുമായിരുന്നു പെണ്‍കുട്ടിയുടെ വീഡിയോ. ഇതിന് പിന്നാലെയാണ് അവളെ കാണാതായത്. നിയമവിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. 

പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ചിന്‍മയാനന്ദിനെതിരെ രംഗത്തെത്തി. പെണ്‍കുട്ടി പഠിക്കുന്ന കോളേജിന്‍റെ മാനേജ്മെന്‍റ് തലവന്‍ ചിന്‍മായാനന്ദ് ആണ്. പെണ്‍കുട്ടിയെ കാണാതായി മൂന്ന് ദിവസത്തിന് ശേഷം ചൊവ്വാഴ്ചയാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ക്കെതിരെ കേസെടുത്തെങ്കിലും പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നില്ല. 

ആശ്രമത്തില്‍ റെയ്ഡ് നടത്തിയിരുന്നില്ലെന്നും തങ്ങളുടെ പ്രഥമ പരിഗണന പെണ്‍കുട്ടിയെ കണ്ടെത്തുന്നതിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മറ്റൊരു ഉനാവോ കേസ് ആകുമോ എന്ന ഭയം അഭിഭാഷകര്‍ കോടതിയെ ധരിപ്പിച്ചതോടെ സുപ്രീംകോടതി സംഭവത്തില്‍ ഇന്നലെ ഇടപെട്ടിരുന്നു. 72കാരനായ ചിന്മായാനന്ദ്  ഷാജഹാന്‍പൂരിലാണ് ആശ്രമം നടത്തുന്നത്. ടൗണില്‍ അഞ്ച് കോളേജുകളും ഇയാള്‍ക്കുണ്ട്. 

click me!