ഷീലാ ദീക്ഷിതിന് വിട: യമുനാ തീരത്ത് ഔദ്യോഗിക ബഹുമതികളോടെ അന്ത്യവിശ്രമം

By Web TeamFirst Published Jul 21, 2019, 4:30 PM IST
Highlights

യമുനയുടെ തീരത്തെ നിഗം ബോധ് ഘട്ടില്‍ നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കിയായിരുന്നു സംസ്കാരം. 

ദില്ലി: മുന്‍ ദില്ലി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിതിന്‍റെ മൃതദേഹം സംസ്ഥാന ബഹുമതിയോടെ സംസ്കരിച്ചു. യമുനയുടെ തീരത്തെ നിഗം ബോധ് ഘട്ടില്‍ നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കിയായിരുന്നു സംസ്കാരം. ഉച്ചയോടെ എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ എത്തിയിരുന്നു.

ഇന്നലെ വൈകീട്ട് അന്തരിച്ച ഷീല ദീക്ഷിതിന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാവിലെ 11.30 നാണ് തുടങ്ങിയത്. നിസാമുദ്ദീനിലെ വീട്ടില്‍ നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് എത്തിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. ഐഎഐസി ആസ്ഥാനത്ത് കോണ്‍ഗ്രസ്സിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി പൊതുദര്‍ശനത്തിന് വെച്ചു.

യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ് തുടങ്ങിയ നേതാക്കള്‍ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. കേരളസര്‍ക്കാരിന് വേണ്ടി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പുഷ്പചക്രം അര്‍പ്പിച്ചു. 

click me!