ആം ആദ്മി പാർട്ടിയുടെ നേട്ടത്തിന് വേണ്ടിയാണ് സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുന്നതെന്ന് ഷീല ദീക്ഷിത്

By Web TeamFirst Published Jun 5, 2019, 5:38 PM IST
Highlights

അതേസമയം പദ്ധതിയെ എതിര്‍ത്ത് കൊണ്ട് സ്‌ത്രീകളടക്കം നിരവധി പേരാണ് രംഗത്തെത്തുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുള്ള നീക്കമാണ്‌ ആം ആദ്‌മി പാര്‍ട്ടി നടത്തുന്നതെന്നായിരുന്നു ബിജെപിയുടെ ആരോപണം.

ദില്ലി: സ്ത്രീകൾക്ക് മെട്രോയിലും ബസിലും സൗജന്യയാത്ര അനുവദിക്കുമെന്ന ദില്ലി സർക്കാരിന്റെ തീരുമാനം ആം ആദ്മി പാർട്ടിക്ക് നേട്ടമുണ്ടാകുന്നിന് വേണ്ടിയുള്ളതാണെന്ന് ദില്ലി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്. വിഷയവുമായി ബന്ധപ്പെട്ട്  ജനങ്ങളിൽ നിന്നുമുള്ള അഭിപ്രായങ്ങൾ ശേഖരിച്ച് മൂന്ന് മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് ഷീല ദീക്ഷിതിന്റെ പ്രതികരണം.

'സർക്കാരിന്  ഈ പദ്ധതി ചെയ്യാൻ കഴിയുമെങ്കിൽ നല്ലതാണ്. എന്നാൽ മറ്റാർക്കും വേണ്ടിയല്ല, അവരുടെ നേട്ടത്തിന് വേണ്ടി മാത്രമാണ് പദ്ധതി കൊണ്ടുവരുന്നത്. ഇതിൽ രാഷ്ട്രീയമാണ് തെളിഞ്ഞ് കാണുന്നത്'- ഷീല ദീക്ഷിത് ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ഞായറാഴ്‌ച്ചയാണ്‌ സ്‌ത്രീകളുടെ സൗജന്യയാത്രാ പദ്ധതിയെക്കുറിച്ച്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍ പ്രഖ്യാപനം നടത്തിയത്‌. സ്‌ത്രീകള്‍ക്ക്‌ സുരക്ഷിതയാത്ര ഉറപ്പാക്കുകയും പൊതുഗതാഗതസംവിധാനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയുമാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്നാണ്‌ അദ്ദേഹം വിശദീകരിച്ചത്‌. സ്‌ത്രീകളുടെ യാത്രാനിരക്കില്‍ വരുന്ന ചെലവ്‌ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും കെജ്രിവാള്‍ അറിയിച്ചിരുന്നു.

അതേസമയം പദ്ധതിയെ എതിര്‍ത്ത് കൊണ്ട് സ്‌ത്രീകളടക്കം നിരവധി പേരാണ് രംഗത്തെത്തുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുള്ള നീക്കമാണ്‌ ആം ആദ്‌മി പാര്‍ട്ടി നടത്തുന്നതെന്നായിരുന്നു ബിജെപിയുടെ ആരോപണം. സ്‌ത്രീകള്‍ക്ക്‌ സൗജന്യയാത്ര അനുവദിക്കുന്നതിനോട്‌ എതിര്‍പ്പില്ല. എന്നാല്‍, അതിന്‌ പര്യാപ്‌തമായ സാമ്പത്തിക സുസ്ഥിരതയോ ആവശ്യത്തിന്‌ ബസ്സുകളോ ദില്ലിയില്‍ ഇല്ലെന്നും ബിജെപി ദില്ലി അധ്യക്ഷന്‍ മനോജ്‌ തിവാരി അഭിപ്രായപ്പെട്ടു.
 

click me!