'ഒത്തുകളിച്ച് വിജയം നേടാന്‍ ശ്രമിക്കുന്നു'; ബിജെപിയുടേത് രാഷ്ട്രീയ കുതിരക്കച്ചവടമെന്ന് ശിവസേന

By Web TeamFirst Published Nov 16, 2019, 4:53 PM IST
Highlights

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപി ഒത്തുകളിക്കുകയാണെന്നും ബിജെപിയുടേത് രാഷ്ട്രീയ കുതിരക്കച്ചവടമാണെന്നും ശിവസേന. 

മുംബൈ: രാഷ്ട്രപതി ഭരണത്തിന്‍റെ പേരില്‍ മഹാരാഷ്ട്രയില്‍ ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ബിജെപിക്ക് സ്വതന്ത്ര എംഎല്‍എമാര്‍ ഉള്‍പ്പെടെ 119 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പട്ടേലിന്‍റെയും പ്രസ്താവനയ്ക്ക് മറുപടിയായാണ് ലേഖനം. 

ബിജെപി ഭരണത്തിലെത്തുമെന്ന് ഇപ്പോള്‍ പറയുന്നവര്‍ നേരത്തെ തന്നെ ഗവര്‍ണറെ കണ്ട് ഭൂരിപക്ഷമില്ലെന്ന് അറിയിച്ചതാണ്. ഈ ആഴ്ച ആദ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചപ്പോള്‍ തങ്ങള്‍ക്ക് അതിനുള്ള ഭൂരിപക്ഷമില്ലെന്ന് ബിജെപി അറിയിച്ചിരുന്നു. മുമ്പില്ലാതിരുന്ന ഭൂരിപക്ഷം രാഷ്ട്രപതി ഭരണത്തിന്‍റെ കീഴില്‍ ബിജെപിക്ക് എങ്ങനെയുണ്ടായെന്ന് മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ ക്രിക്കറ്റ് കളിയോട് ഉപമിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെയും ലേഖനത്തില്‍ പരിഹസിക്കുന്നുണ്ട്. ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാമെന്നും ചിലപ്പോഴൊക്കെ കളി കൈവിട്ടു പോകുമെന്ന് തോന്നുമെങ്കിലും ഫലം പക്ഷേ മറിച്ചാവുമെന്നും ഗഡ്കരി പറഞ്ഞിരുന്നു.  ഇതിനെതിരെ പ്രതികരിച്ച ശിവസേന ബിജെപി ഒത്തുകളിച്ച് വിജയം സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് ലേഖനത്തിലൂടെ മറുപടി നല്‍കി. 

അതേസമയം പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറായ സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ കോൺഗ്രസ്-എൻസിപി-ശിവസേന നേതാക്കൾ ഒരുമിച്ച് ഇന്ന് ഗവർണറെ കാണും. വൈകീട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. കർഷക പ്രശ്നങ്ങളിൽ ഗവർണറുടെ ശ്രദ്ധക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം.

 

 

click me!