'പട്ടിണി ഒളിപ്പിക്കൂ'; ട്രംപിനെ വരവേല്‍ക്കാന്‍ മതില്‍ കെട്ടുന്നതില്‍ മോദിയെ കടന്നാക്രമിച്ച് ശിവസേന

By Web TeamFirst Published Feb 17, 2020, 3:37 PM IST
Highlights

കേന്ദ്രസര്‍ക്കാര്‍ പട്ടിണി ഒളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ശിവസേന ആരോപിച്ചത്. ശിവസേനയുടെ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് കടുത്തഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

മുംബൈ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ അഹമ്മദാബാദിലെ ചേരി മതില്‍ കെട്ടി മറയ്ക്കുന്നതിനെതിരെ ശിവസേന രംഗത്ത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുകയാണ് ശിവസേന. കേന്ദ്രസര്‍ക്കാര്‍ പട്ടിണി ഒളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ശിവസേന ആരോപിച്ചത്. ശിവസേനയുടെ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് കടുത്തഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പരാമര്‍ശിച്ച ലേഖനത്തില്‍, ദാരിദ്ര്യം തുടച്ചുനീക്കണമെന്ന മുദ്രാവാക്യം മുമ്പ് വിമര്‍ശന വിധേയമായിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ പട്ടിണി ഒളിപ്പിക്കൂ എന്നതാണ് പുതിയ അജണ്ട. ഗുജറാത്ത് സന്ദര്‍ശിക്കുന്ന ട്രംപിനായി സംസ്ഥാനത്ത് നടക്കുന്ന ഒരുക്കങ്ങളെയും ശിവസേന വിമര്‍ശിച്ചു. അടിമത്ത മനോഭാവമാണ് ഇതിന് പിന്നിലെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. 

''ട്രംപിന്‍റെ സന്ദര്‍ശനം വെറും മൂന്ന് മണിക്കൂറിലേക്കാണ്. പക്ഷേ രാജ്യത്തിന്‍റെ 100 കോടി രൂപയാണ് ഇതിനായി ചെലഴിക്കുന്നത്. ഇതില്‍ അഹമ്മദാബാദില്‍ 17 റോഡുകള്‍ നിര്‍മ്മിക്കുന്നതും റോഡിന്‍റെ വശങ്ങളില്‍ മതിലുകള്‍ നിര്‍മ്മിക്കുന്നതു ഉള്‍പ്പെടും. ട്രംപിന‍്‍റെ ഇന്ത്യാ സന്ദര്‍ശനം ദാരിദ്ര്യം ഇല്ലാതാക്കാനോ രൂപയുടെ മൂല്യം ഉയര്‍ത്താനോ സഹായിക്കില്ലെന്നും ലേഖനം ഓര്‍മ്മപ്പെടുത്തുന്നു. 

click me!