
മുംബൈ: വടക്ക് കിഴക്കന്‍ ദില്ലിയിലുണ്ടായ ആക്രമണങ്ങളെ നിശിതമായി വിമര്‍ശിച്ച് ശിവസേന. കാലന് പോലും രാജി വച്ച് പോകാന്‍ തോന്നുന്ന രീതിയിലുള്ള അക്രമ സംഭവങ്ങളാണ് വടക്കുകിഴക്കന്‍ ദില്ലിയിലുണ്ടായത്. നിഷ്കളങ്കരായ ഹിന്ദു മുസ്‍ലിം കുട്ടികള്‍ അനാഥരായി. ഹൃദയം തകര്‍ക്കുന്ന രീതിയിലുള്ള അക്രമങ്ങള്‍ അരങ്ങേറി. ദില്ലി കലാപത്തിന്‍റെ മുഖമായി ലോക വ്യാപകമായി പങ്കുവച്ച മുദ്ദാസാര്‍ ഖാന്‍റെ മകന്‍റെ ചിത്രം നെഞ്ച് പിളര്‍ക്കുന്നതാണെന്നും ശിവസേന മുഖപത്രമായ സാമ്നയില്‍ വ്യക്തമാക്കുന്നു.
പിതാവിന്‍റെ മൃതദേഹത്തിന് സമീപം നിന്ന് കരയുന്ന ആണ്‍കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങള്‍ വൈറലായിരുന്നു. ആരാണ് 50 പേരുടെ ജീവനെടുത്ത അക്രമത്തിന് പിന്നിലുള്ളത്. 50 എന്നത് ഒരു നമ്പര്‍ മാത്രമാണ്, യഥാര്‍ത്ഥ മരണ സംഖ്യ ഇതിനേക്കാള്‍ എത്രയോ മുകളിലാണ്. അഞ്ഞൂറോളം പേരാണ് മാരകമായി പരിക്കേറ്റിട്ടുളളവര്‍. അനാഥരായി തെരുവില്‍ നിന്ന് കരയുന്ന കുട്ടികളുടെ മുഖത്ത് നോക്കിയ ശേഷവും ഹിന്ദു മുസ്‍ലിം എന്ന വേര്‍തിരിവ് നിങ്ങള്‍ക്ക് മനസില്‍ കാണാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് മനുഷ്യത്വത്തിന്‍റെ അന്ത്യമാണെന്നും ശിവസേന കുറ്റപ്പെടുത്തുന്നു. മുദ്ദാസര്‍ ഖാനെയോ, അന്‍കിത് ശര്‍മ്മയേയോ രക്ഷിക്കാന്‍ ദൈവത്തിന് സാധിച്ചില്ലെന്നും ശിവസേന മുഖപത്രമായ സാമ്ന പറയുന്നു.
ഇന്ത്യയില്‍ നിരവധി കുട്ടികളാണ് കലാപം മൂലം അനാഥരാക്കപ്പെട്ടത്. മഹാരാഷ്ട്രയില്‍ അസാധാരണ മഴയെ തുടര്‍ന്നും നിരവധി കുട്ടികള്‍ അനാഥരായി. ദില്ലി കലാപത്തില്‍ അനാഥരായ നിരവധി കുട്ടികളെക്കുറിച്ച് സാമ്ന വിശദമാക്കുന്നു. മക്കള്‍ നഷ്ടമായ രക്ഷിതാക്കളെക്കുറിച്ചും സാമ്ന വിശദമാക്കുന്നു. മതങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ പോരാട്ടം നമ്മെ വലിയ നാശത്തിന്‍റെ വക്കിലേക്കാണ് എത്തിച്ചിരിക്കുന്നതെന്നും ശിവസേന സാമ്നയിലൂടെ വിശദമാക്കുന്നു.
ഹിന്ദുത്വ, മതേതരത്വം, ഹിന്ദു - മുസ്‍ലിം, ക്രിസ്ത്യന്‍- മുസ്‍ലിം തുടങ്ങിയ വിവാദങ്ങള്‍ വലിയ രീതിയില്‍ ലോകത്തെ നാശത്തിലേക്കാണ് എത്തിക്കുന്നത്. ഈ ദൈവങ്ങളിലാരും തന്നെ മനുഷ്യനെ സഹായിക്കുന്നില്ല. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാരും വാതില്‍ അടക്കുന്ന സ്ഥിതിയാണുള്ളതെന്ന് ശിവസേന വ്യക്തമാക്കി. തോമസ് എഡിസണ്‍ മതങ്ങളില്‍ വിശ്വസിച്ചിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്‍റെ കണ്ടെത്തലുകള്‍ ഇന്ന് എല്ലാ വീടുകളിലും വെളിച്ചമെത്തിച്ചു. മതത്തേക്കാളും പ്രാധാന്യമുള്ളത് വൈദ്യുതിക്കാണ്. മതം നന്മകളോ അഭയമോ നല്‍കുന്നില്ലെന്നും ശിവ സേന പറയുന്നു. കൊറോണ പോലുള്ള മാരക വൈറസ് പടരുമ്പോഴും വിശ്വാസത്തിന് പുറകേ പോവുന്ന ആളുകളുടെ മനോഭാവത്തേയും ശിവസേന വിമര്‍ശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam