
മുംബൈ: ഉത്തര്‍പ്രദേശിലെ ഹഥ്‌റസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത പൊലീസ് നടപടിയെ അപലപിച്ച് ശിവസേന എം പി സഞ്ജയ് റാവത്ത്. കോണ്‍ഗ്രസുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം അംഗീകരിക്കാനാകില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
'' രഹുല്‍ ഗാന്ധി ദേശീയ നേതാവാണ്. ഞങ്ങള്‍ക്ക് കോണ്‍ഗ്രസുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട് എന്നത് അംഗീകരിക്കുമ്പോഴും രാഹുല്‍ ഗാന്ധിയോട് പൊലീസ് ഇടപെട്ട രീതി ശരിയായില്ലെന്ന് സഞ്ജയ് റാവത്ത് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ദില്ലിയിലെ ഡിഎന്‍ഡി ഫ്‌ളൈ ഓവറില്‍ നിന്ന് യമുന എക്‌സ്പ്രസ് വേയിലേക്ക് എത്തിയപ്പോഴേക്കും രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനം ഉത്തര്‍പ്രദേശ് പൊലീസ് എത്തി തടഞ്ഞു. ഇരുവരെയും അല്‍പദൂരം നടന്നപ്പോഴേക്ക് പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. തടഞ്ഞാലും യാത്രയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞ് രാഹുലും പ്രിയങ്കയും വാഹനത്തില്‍ നിന്ന് ഇറങ്ങി നടക്കാന്‍ തുടങ്ങിയതോടെ പൊലീസ് വീണ്ടും എത്തി ഇവരെ തടയുകയായിരുന്നു.
യമുന എക്‌സ്പ്രസ് വേയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ഹഥ്‌റസിലേക്ക് ഏതാണ്ട് 168 കിലോമീറ്റര്‍ ദൂരമുണ്ട്. തുടര്‍ന്ന് രാഹുലും പൊലീസും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമുണ്ടായി. പരസ്പരം ഉന്തും തള്ളും നടക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. പൊലീസിനെ എതിരിടാന്‍ തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam