പൗരത്വ ഭേദഗതി ബില്‍: പ്രതിപക്ഷത്തിനൊപ്പമെന്ന് ഉറപ്പിച്ച് ശിവസേന, മോദിക്കെതിരെ രാജ്യസഭയില്‍ രൂക്ഷവിമര്‍ശനം

By Web TeamFirst Published Dec 11, 2019, 3:41 PM IST
Highlights

ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ അതിനെ എതിര്‍ത്തു. പുതിയ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്‍റെ സമ്മര്‍ദ്ദമാണ് ശിവസേനയുടെ പൊടുന്നനെയുള്ള നിലപാട് മാറ്റത്തിന് കാരണമെന്നാണ് അഭ്യൂഹം. 

ദില്ലി: ദേശീയ പൗരത്വ ഭേദഗതി ബില്‍ സംബന്ധിച്ച നിലപാടില്‍ വീണ്ടും മാറ്റം വരുത്തി ശിവസേന. ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ അതിനെ എതിര്‍ത്തു. പുതിയ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്‍റെ സമ്മര്‍ദ്ദമാണ് ശിവസേനയുടെ പൊടുന്നനെയുള്ള നിലപാട് മാറ്റത്തിന് കാരണമെന്നാണ് അഭ്യൂഹം. 

ബില്ലിനെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നവരാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. ദേശസ്നേഹത്തിന് ആരുടെയും സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: 'ദേശസ്നേഹത്തിന് ആരുടെയും സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല'; മോദിക്കെതിരെ ആഞ്ഞടിച്ച് ശിവസേന എംപി

ദേശീയ താല്പര്യം പരിഗണിച്ച് ബില്ലിനെ പിന്തുണയ്ക്കുന്നു എന്നായിരുന്നു തിങ്കളാഴ്ച ലോക്സഭയില്‍ ശിവസേന സ്വീകരിച്ച നിലപാട്. ബില്ലിനെ എതിര്‍ത്ത് പാര്‍ട്ടി മുഖപത്രമായ സാമ്ന ലേഖനമെഴുതിയതിനു തൊട്ടുപിന്നാലെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ചുള്ള ശിവസേനയുടെ നീക്കം. ഇതിനെത്തുടര്‍ന്ന് അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. 

'പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയോടുള്ള കടന്നാക്രമണമാണ്. അതിനെ പിന്തുണയ്ക്കുന്ന ഓരോരുത്തരും നമ്മുടെ രാജ്യത്തെ ആക്രമിക്കുകയും അടിത്തറ നശിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്' എന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഇന്ന് രാവിലെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതികരണവുമായി ശിവസേന രംഗത്തുവന്നത്.

കേന്ദ്രസര്‍ക്കാര്‍ വോട്ടുബാങ്ക് രാഷ്ട്രിയം കളിക്കുകയാണെന്നും ഹിന്ദു മുസ്ലീം വിഭജനത്തിന് ശ്രമിക്കുകയാണെന്നും ശിവസേന കുറ്റപ്പെടുത്തി. "ബില്ലിലെ സംശയങ്ങള്‍ മാറ്റേണ്ടതുണ്ട്. തൃപ്തികരമായ ഉത്തരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ലോക്സഭയിലേതില്‍ നിന്ന് ഭിന്നമായ നിലപാടാകും രാജ്യസഭയില്‍ ഞങ്ങള്‍ സ്വീകരിക്കുക". ശിവസേന നേതാവും  രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് രാവിലെ പറഞ്ഞിരുന്നു. മൂന്ന് അംഗങ്ങളാണ് ശിവസേനക്ക് രാജ്യസഭയില്‍ ഉള്ളത്. 

Read Also: 'ഇത് ആപല്‍ക്കരമാണ്'; ശിവസേനയെ തള്ളി കോണ്‍ഗ്രസ്, പൗരത്വബില്‍ ഇന്ത്യയുടെ അടിത്തറ തകര്‍ക്കുന്നതെന്ന് രാഹുല്‍ ഗാന്ധി

click me!