ദില്ലി: പൗരത്വ ഭേദഗതി ബില്ലില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ അടിത്തറയെ നശിപ്പിക്കുന്നതാണ് ബില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസിന്‍റെ പുതിയ സഖ്യകക്ഷിയായ ശിവസേന രംഗത്തെത്തിയതിനു തൊട്ടുപിന്നാലെയാണ് എതിര്‍സ്വരവുമായി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ദേശീയ താല്പര്യം മുന്‍നിര്‍ത്തി കൊണ്ടുവന്ന ബില്ലിനെ പിന്തുണയ്ക്കുന്നു എന്നായിരുന്നു ശിവസേന സ്വീകരിച്ച നിലപാട്. 

ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നതാണ്. അതിനെ പിന്തുണയ്ക്കുന്ന ഓരോരുത്തരും നമ്മുടെ നാടിന്‍റെ കെട്ടുറപ്പിനെയും അടിത്തറയെയുമാണ് ആക്രമിക്കാനും നശിപ്പിക്കാനും ശ്രമിക്കുന്നത്. രാഹുല്‍ ട്വീറ്റ് ചെയ്തു.

ബില്‍ ദേശീയതാല്പര്യം മുന്‍നിര്‍ത്തിയുള്ളതായതിനാലാണ് അതിനെ പിന്തുണച്ചതെന്നാണ് ശിവസേനയുടെ നിലപാട്. കോണ്‍ഗ്രസിനും എന്‍സിപിക്കും ഒപ്പമുള്ള പൊതുമിനിമം പരിപാടി മഹാരാഷ്ട്രയില്‍ മാത്രമൊതുങ്ങുന്നതാണെന്നും ശിവസേന വ്യക്തമാക്കി. പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ ബില്ലിനെതിരെ ലേഖനം പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ലോക്സഭയില്‍ ശിവസേന ബില്ലിനെ പിന്തുണച്ചത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനിടെയാണ് നിലപാട് വ്യക്തമാക്കി ശിവസേന എംപി അരവിന്ഗ് സാവന്ത് രംഗത്തെത്തിയത്. 

നാളെയാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുക. ഇന്നലെയാണ് ബില്‍ ലോക്സഭയില്‍ 80നെതിരെ 311 വോട്ടുകള്‍ക്കായിരുന്നു ബില്ല് പാസ്സായത്. 
കടുത്ത ഭരണ-പ്രതിപക്ഷ വാക്പോരിനൊടുവിലാണ് ബില്‍ പാസ്സായത്. 

Read Also: ഭേദഗതികള്‍ തള്ളി, ദേശീയ പൗരത്വ ബില്‍ ലോക്സഭ പാസാക്കി