അഞ്ചിലങ്കം! ബിജെപിക്ക് കനത്ത തിരിച്ചടിയെന്ന് ആദ്യ സർവെ ഫലം, മധ്യപ്രദേശിൽ കോൺഗ്രസ് 125 സീറ്റുകൾ വരെ നേടിയേക്കാം

Published : Oct 09, 2023, 09:56 PM ISTUpdated : Oct 28, 2023, 12:00 PM IST
അഞ്ചിലങ്കം! ബിജെപിക്ക് കനത്ത തിരിച്ചടിയെന്ന് ആദ്യ സർവെ ഫലം, മധ്യപ്രദേശിൽ കോൺഗ്രസ് 125 സീറ്റുകൾ വരെ നേടിയേക്കാം

Synopsis

മധ്യപ്രദേശിൽ ബി ജെ പിക്ക് അധികാര നഷ്ടത്തിനടക്കം സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന സർവെ, തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും ഛത്തീസ്ഗഡിൽ ഭരണ തുടർച്ചക്ക് സാധ്യതയുണ്ടെന്നുമാണ് പറയുന്നത്

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തുവന്ന ആദ്യ അഭിപ്രായ സർവെ ഫലം ബി ജെ പിക്ക് കനത്ത നിരാശ സമ്മാനിക്കുന്നതാണ്. മധ്യപ്രദേശിൽ ബി ജെ പിക്ക് അധികാര നഷ്ടത്തിനടക്കം സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന എ ബി പി - സി വോട്ടർ അഭിപ്രായ സർവെ, തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും ഛത്തീസ്ഗഡിൽ ഭരണ തുടർച്ചക്ക് സാധ്യതയുണ്ടെന്നുമാണ് പറയുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിൽ പോരാട്ടം കടുക്കുമെങ്കിലും കോൺഗ്രസിനാണ് മുൻതൂക്കമെന്നാണ് എ ബി പി - സി വോട്ടർ പ്രവചനത്തിൽ പറയുന്നത്.

കോൺഗ്രസിൻ്റെ വമ്പൻ തിരിച്ചുവരവോ! തെലങ്കാനയിലടക്കം അധികാരത്തിലേറും, ബിജെപിക്ക് നിരാശ; എബിപി-സി വോട്ടർ സർവെ ഫലം

മധ്യപ്രദേശിൽ ബി ജെ പിക്ക് തിരിച്ചടിയോ?

മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് സർവെ പറയുന്നതെങ്കിലും കോൺഗ്രസിന് നേരിയ മുൻതൂക്കവും പ്രവചിക്കുന്നുണ്ട്. കോൺ​ഗ്രസ് 113 മുതൽ 125 വരെ സീറ്റുകൾ നേടാമെന്നാണ് എ ബി പി - സി വോട്ടർ അഭിപ്രായ സർവെ ചൂണ്ടികാട്ടുന്നത്. ബി ജെ പിയാകട്ടെ 104 മുതൽ 116 വരെയുള്ള സീറ്റുകളിലേക്ക് ചുരുങ്ങിയേക്കും. ബി എസ് പി 0 മുതൽ 2 വരെയും മറ്റുള്ളവർ 0 മുതൽ 3 വരെയും സീറ്റുകൾ മധ്യപ്രദേശിൽ നേടിയേക്കാമെന്നാണ് എ ബി പി - സി വോട്ടർ പ്രവചനം.

തെലങ്കാന പിടിക്കുമോ കോൺഗ്രസ്

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള എ ബി പി - സി വോട്ടർ അഭിപ്രായ സർവെയിൽ ഏറ്റവും ശ്രദ്ധേയം തെലങ്കാനയിലേതാണ്.  തെലങ്കാന സംസ്ഥാന രൂപീകരണത്തിന്‍റെ നേട്ടം അന്ന് സ്വന്തമാക്കാനാകാതെ പോയതിന്‍റെ ക്ഷീണം കോൺഗ്രസിന് ഇക്കുറി തീർക്കാമെന്നാണ് സർവെ പറയുന്നത്. തെലങ്കാനയിൽ കോൺ​ഗ്രസ് 48 മുതൽ 60 സീറ്റുകൾ വരെ നേടി അധികാരം പിടിച്ചെടുത്തേക്കാം. അധികാരത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവിന്‍റെ ബി ആർ എസിന് 43 മുതൽ 55 വരെ സീറ്റിലേക്ക് ഒതുങ്ങേണ്ടിവരും. വലിയ പ്രതീക്ഷയോടെ പോരാട്ടത്തിനിറങ്ങുന്ന ബി ജെ പിക്ക് നിരാശയാകും ഫലമെന്നും എ ബി പി - സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നു. തെലങ്കാനയിൽ ബി ജെ പിക്ക് 5 മുതൽ 11 സീറ്റുകൾ വരെയാകും പരമാവധി നേടാൻ സാധിക്കുക.

ഛത്തീസ്​ഗഡിൽ ഭരണതുടർച്ചയോ?

ഛത്തീസ്​ഗഡിൽ കോൺ​ഗ്രസ് ഭരണതുടർച്ചയ്ക്കുള്ള സാധ്യതയാണ് എ ബി പി - സി വോട്ടർ പ്രവചനം പറയുന്നത്. കടുത്ത പോരാട്ടമായിരിക്കും സംസ്ഥാനത്തെങ്കിലും കോൺഗ്രസിന് മുൻതൂക്കമുണ്ട്. കോൺ​ഗ്രസ് 45 മുതൽ 51 വരെ സീറ്റുകൾ നേടാമെന്നും ബി ജെ പി 39 മുതൽ 45 വരെ സീറ്റുകൾ നേടിയേക്കുമെന്നാണ് പ്രവചനം. മറ്റുള്ളവരാകട്ടെ പരമാവധി 2 സീറ്റുകളിലേക്ക് ഒതുങ്ങും.

മിസോറാമിൽ തൂക്കുസഭയോ?

മിസോറാമിൽ തൂക്കുസഭയാകുമെന്നാണ് എ ബി പി - സി വോട്ടർ പ്രവചനം പറയുന്നത്. എം എൻ എഫ് 13 മുതൽ 17 വരെ സീറ്റുകൾ നേടാം. കോൺ​ഗ്രസിനാകട്ടെ 10 മുതൽ 14 സീറ്റുകൾ വരെ ഇക്കുറി ലഭിച്ചേക്കും. ഇസെഡ് പി എം 9 മുതൽ 13 സീറ്റുകളും മറ്റുള്ളവർ 0 മുതൽ 3 വരെ സീറ്റുകൾ നേടിയേക്കുമെന്നും എ ബി പി - സി വോട്ടർ പ്രവചനത്തിൽ പറയുന്നു.

ഇതിനൊപ്പം തെരഞ്ഞെടുപ്പ് നടക്കേണ്ട രാജസ്ഥാൻ സംസ്ഥാനത്തിലെ സർവെ ഫലം പുറത്തുവരുന്നതേയുള്ളു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഇടപെടാൻ വൈകിയതെന്തുകൊണ്ട്? ഇൻഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി
മൂത്രത്തിൽ കല്ലുമായി വന്ന യുവതി, 25,000 രൂപയുടെ ശസ്ത്രക്രിയ; യുട്യൂബ് നോക്കി ഓപ്പറേറ്റ് ചെയ്ത് ക്ലിനിക്ക് ഉടമയും മരുമകനും, ദാരുണാന്ത്യം