
നാഗ്പൂർ: മണാലിയിൽ സിപ്‌ലൈൻ അപകടത്തിൽ പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്. നാഗ്പൂരിൽ നിന്നുള്ള തൃഷ ബിജ്‌വെക്കാണ് പരിക്കേറ്റത്. സിപ്‍ലൈൻ കേബിൾ പൊട്ടി 30 അടി താഴ്ചയിലേക്കാണ് തൃഷ വീണത്. അച്ഛൻ പ്രഫുല്ല ബിജ്‌വെയ്ക്കും അമ്മയ്ക്കുമൊപ്പം മണാലിയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു തൃഷ.
വീഴ്ചയിൽ തൃഷയുടെ കാലിൽ ഒന്നിലധികം ഒടിവുകൾ സംഭവിച്ചു. ആദ്യം മണാലിയിലെ പ്രാദേശിക ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ പരിചരണത്തിനായി ചണ്ഡീഗഡിലെ മെഡിക്കൽ സ്ഥാപനത്തിലേക്ക് മാറ്റി. ഇപ്പോൾ നാഗ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് തൃഷ.
സിപ്‌ലൈൻ നടത്തുന്ന സ്ഥലത്ത് മതിയായ സുരക്ഷാ നടപടികൾ ഉണ്ടായിരുന്നില്ലെന്നും സംഭവത്തെ തുടർന്ന് അടിയന്തര സഹായം ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു. വീഴ്ചയുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോയും അവർ പങ്കിട്ടു. സാഹസിക ടൂറിസം കേന്ദ്രങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കണമെന്ന് ആവശ്യമുയർന്നു. ഈ വിഷയത്തിൽ അന്വേഷണം നടത്തി ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് കുടുംബം അധികൃതരോട് ആവശ്യപ്പെട്ടു.
ആ കുടുംബത്തെ സംബന്ധിച്ച് വേനൽക്കാല അവധിക്കാലം ദുരന്തമായി മാറി. ജൂൺ 8 ഞായറാഴ്ച നടന്ന സംഭവം സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകളെ കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam