
മീററ്റ്: മീററ്റിൽ ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരിയായ ഭാര്യ ദാമിനി അറസ്റ്റിലായ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. എന്നാൽ ക്രൂരമായ മർദ്ദനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഭർത്താവ് അതുലിന്റെ മരണത്തിൽ തനിക്ക് യാതൊരുവിധ കുറ്റബോധവും ഇല്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞുവെന്ന നിര്‍ണായക വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പഴയൊരു പാമ്പുകടി കൊലപാതകക്കേസിനെക്കുറിച്ച് വായിച്ചറിഞ്ഞാണ് ദാമിനി ഈ കൊലപാതകം ആസൂത്രണം ചെയ്തത്. ഏറ്റവും മാരകമായ വിഷമുള്ള പാമ്പിനെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞ ശേഷമാണ് പാമ്പുപിടുത്തക്കാരുടെ സഹായത്തോടെ ഇവർ കുറ്റകൃത്യം നടപ്പിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതി ദാമിനിയെ ശനിയാഴ്ച ജയിലിലേക്ക് അയച്ചു.
7 വർഷം മുൻപ് അതുലുമായി ദാമിനിയുടെ പ്രണയവിവാഹമായിരുന്നു. എന്നാൽ രണ്ട് വർഷത്തിന് ശേഷം അതുൽ മർദ്ദിക്കാൻ തുടങ്ങിയെന്നും 2022 ൽ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതായും ദാമിനി പറയുന്നു. വിവാഹമോചനത്തിന് അപേക്ഷ നൽകിയെങ്കിലും വീട്ടുകാർ ഒത്തുതീർപ്പാക്കി. തുടർന്ന് ജ്യോത്സ്യൻ പറഞ്ഞെന്ന വ്യാജേന ഇവർ ഭർത്താവിനും മകൻ മണികിനുമൊപ്പം വാടകവീട്ടിലേക്ക് മാറി. ദാമിനി പ്രിൻസിപ്പലായ സ്കൂളിൽ വാൻ ഡ്രൈവറായി ജോലിക്ക് വന്ന തുഷാർ എന്നയാളുമായി ഇവർ ഒരു വർഷമായി പ്രണയത്തിലായിരുന്നു. അതുലിന്റെ കൊലപാതകത്തിന് ശേഷം തുഷാറും ഭാര്യയെ വിവാഹമോചനം ചെയ്ത് ഇരുവരും ഒന്നിച്ചു ജീവിക്കാനായിരുന്നു പ്ലാൻ. അതുലിന്റെ പേരിലുള്ള 36 സെന്റ് ഭൂമിയും 20 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസും സ്വന്തമാക്കുക എന്നതും ലക്ഷ്യമായിരുന്നു.
ജൂലൈ 7ന് തുഷാർ വഴി സോനു, ഉദയ് എന്നീ പാമ്പുപിടുത്തക്കാർക്ക് 15000 രൂപ അഡ്വാൻസ് നൽകി, ആകെ 5 ലക്ഷം രൂപയ്ക്കാണ് ഇടപാട് ഉറപ്പിച്ചത്. പാമ്പിനെ സ്കൂളിലെ പെട്ടിയിലാണ് ഒളിപ്പിച്ചത്. ജൂലൈ 16 ന് രാത്രി അതുലിന് ഭക്ഷണത്തിനൊപ്പം 12-15 ഉറക്കഗുളികകൾ നൽകി. ജൂലൈ 17 പുലർച്ചെ 5 മണിക്ക് തുഷാറും പാമ്പുപിടുത്തക്കാരും എത്തി ഉറങ്ങിക്കിടന്ന അതുലിന്റെ ബെഡിലെ ഷീറ്റിനടിയിലേക്ക് വിഷപ്പാമ്പിനെ തുറന്നുവിട്ടു. പാമ്പ് കടിച്ചതിന് ശേഷം അതുൽ ബോധരഹിതനായതോടെ ദാമിനി തനിയെ ബഹളം വെക്കുകയും പാമ്പ് കടിച്ചെന്ന് വീട്ടുകാരെ വിളിച്ചറിയിക്കുകയുമായിരുന്നു.
രവിതാ കേസിൽ പ്രതികൾ ശ്വാസം മുട്ടിച്ച ശേഷം വിഷമില്ലാത്ത പാമ്പിനെ വിട്ടതുകൊണ്ടാണ് പിടിക്കപ്പെട്ടതെന്ന് മനസ്സിലാക്കിയാണ് ദാമിനി പോസ്റ്റ്‌മോർട്ടത്തിൽ പാമ്പുകടിയെന്ന് മാത്രം തെളിയാൻ വിഷപ്പാമ്പിനെ തിരഞ്ഞെടുത്തത്. കൊലപാതകത്തിന് ശേഷം തുഷാർ അവിടെയെത്തി കരയുകയും ശവസംസ്കാരം വേഗത്തിലാക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പൊലീസ് അന്വേഷണവും പോസ്റ്റ്‌മോർട്ടവും വന്നതോടെ ഇയാൾ മുങ്ങി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചാറ്റുകൾ പൊലീസ് കണ്ടെടുത്തു. നിലവിൽ അതുലിന്റെ മാതാപിതാക്കളായ അജബ് സിംഗിനും സന്തോഷിനുമൊപ്പമാണ് ഇവരുടെ മകൻ മണിക് ഉള്ളത്. പൊലീസ് അന്വേഷണം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam