
ഹുബ്ലി: വീടിന് പുറത്ത് കളിക്കുന്നതിനിടെ കേട്ടുകൊണ്ടിരുന്ന പാട്ടിനെ ചൊല്ലി തർക്കം. അയൽവാസിയായ 15കാരനെ കുത്തിക്കൊന്ന് 13കാരൻ. കർണാടകയിലെ ഹുബ്ലിയിലാണ് സംഭവം. ഹുബ്ലിയിലെ ഗുരു സിദ്ദേശ്വർ നഗറിലാണ് ഞെട്ടിക്കുന്ന അക്രമം നടന്നത്. മെയ് 12ന് വൈകുന്നേരം അയൽവാസികളായ കുട്ടികൾ വീടിന് പുറത്ത് കളിക്കുകയായിരുന്നു. ചേതൻ രക്കസാഗി എന്ന 9ക്ലാസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.
6ാം ക്ലാസ് വിദ്യാർത്ഥിയായ 13കാരന്റെ വീടിന് പുറത്തായിരുന്നു ഇവർ കളിച്ചുകൊണ്ടിരുന്നത്. കളിക്കുന്നതിനിടെ തർക്കമുണ്ടായതോടെ 13കാരൻ വീടിന് അകത്ത് പോയി കത്തിയെടുത്തുകൊണ്ട് വന്ന് 15കാരനെ ആക്രമിക്കുകയായിരുന്നു. വയറിൽ നിരവധി തവണ കുത്തേറ്റ് വീണ 15കാരനെ ബഹളം കേട്ടെത്തിയ അയൽവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 13കാരന്റെ അമ്മ അടക്കമുള്ളവർ ചേർന്നാണ് 15കാരനെ ആശുപത്രിയിലെത്തിച്ചത്. 9ക്ലാസ് പരീക്ഷ പാസായ ചേതനും ആക്രമിച്ച 6ാം ക്ലാസുകാരനും ഉറ്റ ചങ്ങാതിമാരാണെന്നാണ് പ്രദേശവാസികൾ വിശദമാക്കുന്നത്.
ഒരുമിച്ച് കളിക്കുകയും സ്കൂളിൽ പോവുകയും ഭക്ഷണം പങ്കുവയ്ക്കുകയും ചെയ്തിരുന്ന ചങ്ങാതിമാർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് മനസിലാവാത്ത സ്ഥിതിയിലാണ് ഇരു കുടുംബവുമുള്ളത്. രക്ഷിതാക്കൾ കുട്ടികളുടെ ഫോൺ ഉപയോഗം നിരീക്ഷിക്കണമെന്നാണ് സംഭവത്തിന് പിന്നാലെ ഹുബ്ലി സിറ്റി പൊലീസ് കമ്മീഷണർ എൻ ശശികുമാർ പ്രതികരിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ എടുത്ത 13കാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. ദിവസവേതനക്കാരാണ് രണ്ട് പേരുടേയും രക്ഷിതാക്കൾ. ചേതന്റെ പിതാവിന് ചപ്പാത്തി വിൽപനയാണ് ജോലി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam