
ബെംഗളൂരു: ബംഗളൂരുവിലെ പ്രസ്റ്റീജ് സൺറൈസ് പാർക്ക്, നോർവുഡിലെ താമസക്കാരന് കഴിഞ്ഞ എട്ട് മാസത്തിനിടെ ഫ്ലാറ്റിന് പുറത്തെ ഇടനാഴിയിൽ ഷൂ റാക്ക് വെച്ചതിന് 24,000 രൂപ പിഴ. ഇതുവരെ ദിവസേന നൂറുരൂപ എന്ന നിരക്കിലായിരുന്നു പിഴ. എന്നാൽ ഇനി മുതൽ ദിവസേന 200 രൂപയായി വര്‍ധിപ്പിക്കുകയാണ് അപ്പാർട്ട്മെന്റ് അസോസിയേഷൻ. ബെംഗളൂരുവിലെ ഇലക്ട്രോണിക്സ് സിറ്റി ഫേസ് 1 ലെ പ്രസ്റ്റീജ് സൺറൈസ് പാർക്കിലെ താമസക്കാരനാണ് ഫ്ലാറ്റിന് പുറത്ത് ഷൂ റാക്ക് വെച്ചതിന് ദിവസവും 100 രൂപ പിഴ അടച്ചത്.
1046 ഫ്ലാറ്റുകളുള്ള ഈ റെസിഡൻഷ്യൽ സമുച്ചയം, ഷൂ സ്റ്റോറേജ് യൂണിറ്റുകൾ, ചെടിച്ചട്ടികളിലെ ചെടികൾ, സ്റ്റോറേജ് കാബിനറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളും പൊതുവായ ഇടങ്ങളിൽ നിന്ന് നിന്ന് നീക്കം ചെയ്യാൻ നിര്‍ദേശിച്ചിരുന്നു. ഇതിന് ശേഷം 50 ശതമാനം താമസക്കാരും മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് അവരുടെ വസ്തുക്കൾ പുറത്ത് വെച്ചിരിക്കുന്നതായി കണ്ടെത്തി.
പിന്നാലെയാണ് താമസക്കാര്‍ക്ക് അസോസിയേഷൻ നോട്ടീസുകൾ നൽകിയത്. താമസക്കാരെ വിശദമായി കാര്യം അറിയിക്കുകയും, സാധനങ്ങൾ നീക്കം ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിനായി രണ്ട് മാസത്തെ സാവകാശവും നൽകി. ആദ്യ എതിർപ്പിന് ശേഷവും ഭൂരിഭാഗം താമസക്കാരും നിർദ്ദേശം അനുസരിച്ചു. ഏകദേശം സമയപരിധിക്ക് ശേഷം, രണ്ട് താമസക്കാരൊഴികെ മറ്റെല്ലാവരും പൊതു വഴികളിൽ നിന്ന് അവരുടെ സാധനങ്ങൾ നീക്കി. ഒടുവിൽ അടുത്തയാളും നിര്‍ബന്ധത്തിന് വഴങ്ങി സാധനങ്ങൾ മാറ്റി.
എന്നാൽ രണ്ടാമത്തെ താമസക്കാരൻ ഷൂ റാക്ക് പുറത്ത് തന്നെ വയ്ക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞു. ഇതിനായി ഇയാൾ 15,000 രൂപ മുൻകൂട്ടി പിഴയായി അടച്ചു. ഇത് ഭാവിയിലെ പിഴകളിൽ ഉൾപ്പെടുത്താനും, തന്നെ ശല്യപ്പെടുത്തരുതെന്നും അഭ്യർത്ഥിച്ചു. പിഴ വർദ്ധിപ്പിച്ചിട്ടും, ഷൂ റാക്ക് നീക്കം ചെയ്യാൻ ഇയാൾ വിസമ്മതിച്ചു. ഒപ്പം പിഴത്തുക അടക്കുന്നത് തുടരുകയും ചെയ്യുന്നു.
"കഴിഞ്ഞ എട്ട് മാസത്തിനിടെ അയാൾ 24,000 രൂപ പിഴ അടച്ചു' എന്നാണ് അസോസിയേഷൻ പ്രസിഡന്റ് അരുൺ പ്രസാദ് പറയുന്നത്. ഈ പ്രശ്നം പരിഹരിക്കാനായി ദിവസേനയുള്ള പിഴ 100 രൂപയിൽ നിന്ന് 200 രൂപയായി വർദ്ധിപ്പിക്കുകയാണ് അസോസിയേഷൻ പദ്ധതി. ഉയർന്ന കെട്ടിടങ്ങളിലെ ഇടനാഴികൾ, തടസങ്ങളില്ലാതെ സൂക്ഷിക്കണമെന്നാണ് അഗ്നിസുരക്ഷാ നിയമം അനുശാസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.