ബോർഡുകളിൽ കന്നഡ ഭാഷയ്ക്ക് മുൻഗണന: ഉത്തരവ് പാലിക്കാത്ത വ്യാപാരികളുടെ ലൈസൻസ് റദ്ദാക്കും

By Web TeamFirst Published Dec 12, 2019, 10:15 PM IST
Highlights

ബോർഡിൽ 60 ശതമാനം കന്നഡ ഭാഷ ഉപയോഗിക്കണമെന്നാണ് ബിബിഎംപി ഉത്തരവ്

ബെംഗളൂരു: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളുൾപ്പെടെയുള്ളവയുടെ ബോർഡുകളിൽ കന്നഡ ഭാഷയ്ക്ക് മുൻഗണന നൽകണമെന്ന ബെംഗളൂരു കോർപ്പറേഷന്‍റെ (ബിബിഎംപി)  ഉത്തരവ് പാലിക്കാത്തവരുടെ വ്യാപാര ലൈസൻസ് റദ്ദാക്കാൻ മേയർ നിർദ്ദേശം നൽകി. സ്ഥാപനങ്ങളുടെ ബോർഡിൽ 60 ശതമാനം കന്നഡ ഭാഷ ഉപയോഗിക്കണമെന്ന ബിബിഎംപി ഉത്തരവ് പാലിക്കാത്തവരുടെ ലൈസൻസ് റദ്ദാക്കാനാണ് ബെംഗളൂരു മേയർ ജി ഗൗതം കുമാർ നിർദ്ദേശം നൽകിയത്.

വൻകിട വ്യാപാരശ്ര്യംഖലകൾ മുതൽ ചെറിയ കടകൾ വരെ ഇതിലുൾപ്പെടും. ഇംഗ്ലീഷിലുളള ബോർഡുകളുടെ മെറ്റൽ ഫ്രേമുകൾ മാറ്റുന്നതിനായി അതാത് സോണുകളിലുള്ള ജോയിന്റ് കമ്മീഷണർമാർക്ക് മേയർ നിർദ്ദേശം നൽകിയിട്ടുമുണ്ട്. ബോർഡുകൾ 60 ശതമാനം കന്നഡയിലും 40 ശതമാനം ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിലും എഴുതാമെന്നായിരുന്നു ഉത്തരവ്. ബോർഡ് കന്നഡയിലാക്കാത്തവർക്ക് നവംബർ 30 വരെ സമയപരിധി അനുവദിക്കുകയും ചെയ്തിരുന്നു. പബ്ബുകൾ, ഹോട്ടലുകൾ തുടങ്ങയവയ്ക്കെല്ലാം നിർദ്ദേശം ബാധകമാണ്. ഉത്തരവിനെതിരെ ചില വ്യാപാര സംഘടനകൾ കർണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ഒക്ടോബർ അവസാനമാണ് കന്നഡ ബോർഡ് സംബന്ധിച്ച ഉത്തരവ് ബിബിഎംപി പുറത്തിറക്കിയത്. കന്നട രാജ്യോത്സവമായ നവംബർ ഒന്നുമുതൽ നടപ്പാക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും സമയപരിധി നീട്ടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് നവംബർ 30 വരെ നീട്ടുകയായിരുന്നു. ഇതിനിടെ ബോർഡ് മാററിസ്ഥാപിക്കാത്ത 14,800 വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി ബിബിഎംപി അധികൃതർ വ്യക്തമാക്കിയിരുന്നു. 10000 ത്തോളം സ്ഥാപനങ്ങൾ ബോർഡ് മാറ്റിസ്ഥാപിച്ചതായും ബിബിഎംപി അറിയിച്ചിരുന്നു. ഷോപ്പുകൾ ഉൾപ്പെടെ നഗരത്തിൽ ഏകദേശം അഞ്ചു ലക്ഷത്തോളം വ്യാപാര യൂണിറ്റുകൾ ഉണ്ടെന്നാണ് കണക്ക്. 

click me!